ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ട്രംപിന്റെ ഭീഷണിയില്‍ മോദി കീഴടങ്ങുന്നുവെന്നാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. മോദിയെ പിന്തുണച്ച വാണിജ്യ മന്ത്രി പിയുഷ് ഗോയലിനെതിരെയും അദ്ദേഹം പ്രതികരിച്ചു.
യുഎസുമായുള്ള നിര്‍ദ്ദിഷ്ട വ്യാപാര കരാര്‍ അന്തിമമാക്കിയാല്‍ മാത്രമേ ഇന്ത്യ അംഗീകരിക്കുകയുള്ളൂവെന്നും ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണിതെന്നും ഗോയല്‍ വെള്ളിയാഴ്ച അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഹപല്‍ ഗാന്ധിയുടെ പ്രതികരണം.
ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങളെ എതിര്‍ക്കാതെ മൗനം പാലിച്ചതിന് മോദിയെ കോണ്‍ഗ്രസ് പല തവണ വിമര്‍ശിച്ചിരുന്നു. ഇരു കൂട്ടര്‍ക്കും പ്രയോജനകരമായ ഒരു കരാര്‍ ഉണ്ടാകുമ്പോള്‍ മാത്രമേ സ്വതന്ത്ര വ്യാപാര കരാറുകള്‍ സാധ്യമാകൂ എന്ന് യുഎസുമായുള്ള നിര്‍ദ്ദിഷ്ട ഇടക്കാല വ്യാപാര കരാറിനെക്കുറിച്ച് ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച അന്തിമ തീരുമാനം ജൂലൈ ഒമ്പതിന് ഉണ്ടാകുമെന്ന് ട്രംപ് അറിയിച്ചിരുന്നു.