മോദിയെ കുറിച്ചുള്ള വെബ്സീരീസ് വിലക്കി

Jaihind Webdesk
Saturday, April 20, 2019

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് ഇറോസ് നൗ സംപ്രേഷണം ചെയ്തുവന്നിരുന്ന വെബ് സീരീസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ‘മോദി – ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍’ എന്ന പേരിലാണ് വെബ് സീരീസ് പ്രദര്‍ശിപ്പിച്ചിരുന്നത്. മോദിക്ക് 12 വയസുണ്ടായിരുന്നപ്പോള്‍ മുതല്‍ പ്രധാനമന്ത്രി ആയതുവരെയുള്ള ജീവിതമാണ് അഞ്ച് എപ്പിസോഡുകളിലായി പരമ്പരയില്‍ പറയുന്നത്.

അടിയന്തരമായി വെബ്സീരീസിന്റെ സംപ്രേഷണം നിര്‍ത്തണമെന്നും ഓണ്‍ലൈന്‍ വഴിയുള്ള സ്ട്രീമിങും അവസാനിപ്പിക്കണമെന്നുമാണ് നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നീക്കം ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പെരുമാറ്റച്ചട്ടം ലംഘിച്ചും വെബ്സീരീസ് സംപ്രേഷണം ചെയ്യുന്നതായി കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്നും പരാതിയില്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ വാദം അംഗീകരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. നേരത്തെ ‘പിഎം മോദി’യെന്ന ബയോപിക്കിനും കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.