ഗുജറാത്തില്‍ മോദി തരംഗം അവസാനിക്കുന്നു: കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുന്നുവെന്ന് പൊളിറ്റിക്കല്‍ എഡ്ജ് സര്‍വ്വേ

ന്യൂഡല്‍ഹി: കഴിഞ്ഞകാലങ്ങളിലെപ്പോലെ ഗുജറാത്തില്‍ ഇത്തവണ മോദി അനുകൂല തരംഗം ഇല്ലെന്ന് സര്‍വ്വേ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കോണ്‍ഗ്രസിന് അത് തുടരനാകുമെന്നും പൊളിറ്റിക്കല്‍ എഡ്ജ് നടത്തിയ സര്‍വ്വേയിലെ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ആകെ 26 ലോക്‌സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് പത്തിടത്ത് മുന്‍തൂക്കമുണ്ട്. കഴിഞ്ഞതവണ മുഴുവന്‍ സീറ്റും ബി.ജെ.പി വിജയിച്ചിരുന്നു. ഇക്കുറി പകുതിയിലേറെ സീറ്റുകള്‍ നഷ്ടമാകുമെന്നും സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

ആനന്ദ്, ജുനഗഡ്, അമ്രേലി, സുരേന്ദ്രനഗര്‍, പട്ടാന്‍, സബര്‍കന്ത എന്നീ സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് സര്‍വ്വേ പറയുന്നു. മറ്റ് നാല് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് അനുകൂല തരംഗമുണ്ട്. ബനസ്‌കന്ത, പാഞ്ച് മഹല്‍, ബറൂച്ച് എന്നീ മണ്ഡലങ്ങളാണ് അത്. കോണ്‍ഗ്രസിനനുകൂലമെന്ന് ഇപ്പോള്‍ സര്‍വ്വേയില്‍ വന്നിരിക്കുന്ന മണ്ഡലങ്ങളെല്ലാം ഗ്രാമീണ മേഖലയില്‍ ആണെന്നതാണ് പ്രത്യേകത. ഇത്തവണ ബിജെപിക്ക് അത്ര എളുപ്പമാകില്ലെന്നും എല്ലാ മണ്ഡലങ്ങളിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം നടക്കുമെന്നും സര്‍വ്വേ പറയുന്നു.

ബി.ജെ.പി കോട്ടയായ സൂറത്തിലും ഇക്കുറി കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച വെച്ചേക്കുമെന്ന് സര്‍വ്വേയിലുണ്ട്. ജിഎസ്ടിയും പട്ടേല്‍ വിഭാഗങ്ങളുടെ രോക്ഷവും ബിജെപിക്കെതിരെ ഇവിടെ പ്രവര്‍ത്തിക്കുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിന്റെ വരവ് വലിയ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. സൗരാഷ്്ട്ര മേഖലയില്‍ പരമ്പരാഗതമായി ബിജെപിക്ക് വോട്ട് ചെയ്തിരുന്ന പട്ടേല്‍ വിഭാഗക്കാരെ കോണ്‍ഗ്രസിനോടടുപ്പിക്കാന്‍ ഹര്‍ദികിന് കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ സൗരാഷ്ട്ര മേഖലയില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചത് ഹര്‍ദികിന്റെ പിന്തുണയുടെ ബലത്തിലാണ് എന്നാണ് കോണ്‍ഗ്രസ് അനുമാനം.

Comments (0)
Add Comment