ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷം പരിഹരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീഴ്ച സംഭവിച്ചുവെന്ന് എഐസിസി കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ജയ്റാം രമേശ് എം പി. ജപ്പാനിലേക്കും തുടര്‍ന്ന് ചൈനയിലേക്കും മോദി നടത്തുന്ന യാത്രകളെ വിമര്‍ശിച്ചുകൊണ്ടാണ് ജയ്റാം രമേശ് രംഗത്തെത്തിയത്. പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍നിന്ന് ‘കൈ കഴുകി’യെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
‘പ്രധാനമന്ത്രി വിദേശയാത്രകള്‍ തുടരുമ്പോള്‍, മണിപ്പൂരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍, അദ്ദേഹം മനപ്പൂര്‍വ്വം സംസ്ഥാനത്തെ അവഗണിക്കുന്നു,’ ജയ്‌റാം രമേശ് ആരോപിച്ചു. ‘പ്രധാനമന്ത്രി മണിപ്പൂരില്‍നിന്ന് കൈ കഴുകി. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പിടിപ്പുകേടിന്റെ ദുരന്തപൂര്‍ണ്ണമായ സാക്ഷ്യമാണ് മണിപ്പൂര്‍,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാകുകയാണെന്നും ജയ്‌റാം രമേശ് ആരോപിച്ചു. ‘ചൈനയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നമ്മള്‍ അവരുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടിവരുന്നു. ഇത് ഇന്ത്യ-യുഎസ് ബന്ധത്തിലെ തകര്‍ച്ച മുതലെടുക്കാനുള്ള ചൈനയുടെ ശ്രമത്തിന്റെ ഭാഗമാണ്,’ അദ്ദേഹം കുറിച്ചു.
‘ഓപ്പറേഷന്‍ സിന്ദൂര്‍’ സമയത്ത് ചൈന പാകിസ്ഥാനുമായി സഹകരിച്ചതും, 2020 ജൂണ്‍ 19-ന് ‘ആരും നമ്മുടെ അതിര്‍ത്തിയില്‍ കടന്നുകയറിയിട്ടില്ല’ എന്ന് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയും ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി. ഈ പ്രസ്താവന ഇന്ത്യയുടെ ചര്‍ച്ചാശേഷിയെ ദോഷകരമായി ബാധിച്ചുവെന്നും, 2020 ഏപ്രിലിന് മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടിട്ടും പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കുന്നത് അതിന്റെ അനന്തരഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനത്തിലാണ്. ടോക്കിയോയിലെ ഇന്ത്യന്‍ സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഏഴ് വര്‍ഷത്തിനിടെ മോദി ജപ്പാന്‍ സന്ദര്‍ശിക്കുന്നത് ഇതാദ്യമാണ്. ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷം ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 1 വരെ അദ്ദേഹം ചൈനയിലേക്ക് പോകും. എസ്സിഒ ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ എന്നിവരുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.