- സ്വാമി അഗ്നിവേശ്
സംഭവങ്ങളെ അതിന്റെ പ്രാധാന്യത്തോടെ മനസ്സിലാക്കാന്‍ ഒരു കാഴ്ച്ചപാട് ആവശ്യമാണ്. അല്ലെങ്കില്‍ തുടര്‍ച്ചയായി മണ്ടത്തരവും മുന്‍ധാരണകളും വിളമ്പുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ കെണിയില്‍ പെട്ടുപോയേക്കും.
ഒരുകാര്യം പരിഗണിച്ചാല്‍. ചൊവ്വാഴ്ച്ച അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. യഥാര്‍ത്ഥത്തില്‍ തിരശ്ശിലയിലെ നായകന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയായിരുന്നിട്ടും. രാഹുല്‍ഗാന്ധിയെക്കുറിച്ച് അന്നേദിവസം രണ്ടേരണ്ട് പരാമര്‍ശമാണ് ഉണ്ടായിരുന്നത്. എന്നാല്‍ നരേന്ദ്രമോദിയെക്കുറിച്ച് ഉച്ചവരെ മുപ്പതിലേറെ പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോഴാണിത്. രാഹുല്‍ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തിന് ശേഷമാണ് മടിച്ചുമടിച്ചാണെങ്കില്‍ കൂടി ഇക്കാര്യത്തില്‍ ഒരുമാറ്റമുണ്ടായത്. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് മനസ്സിലാകേണ്ടത് ഇത്രമാത്രമാണ്. മാധ്യമങ്ങള്‍ നിങ്ങളുടെ ശരിയായ കാഴ്ച്ചപ്പാടുകളില്‍ ഇടപെടല്‍ നടത്താന്‍ ശക്തമായ ശ്രമം നടത്തുകയാണെന്നത്. തെറ്റായ വിവരങ്ങളുടെ ഏജന്റുമാരാണാവുകയാണിവിടെ മാധ്യമങ്ങള്‍.
വികസനത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചുമുള്ള യുക്തിസഹമായ ഒരു കാഴ്ച്ചപ്പാടാണ് വേണ്ടത്. 2014 ല്‍ മോദി ഭരണത്തിലേക്ക് എത്തുമ്പോള്‍ വികസനത്തിന്റെ സ്വര്‍ഗ്ഗരാജ്യമാണ് ഉറപ്പ് നല്‍കിയിരുന്നത്. വര്‍ഗ്ഗീയരാഷ്ട്രീയത്തില്‍ നിന്നും വിദ്വാഷപ്രചാരകരില്‍ നിന്നും മോചനം നല്‍കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. ഇതുകേട്ട് നമ്മള്‍ ആശ്വാസംകൊണ്ടു. എന്തുകൊണ്ടെന്നാല്‍ നമ്മള്‍ സാമാന്യബുദ്ധിനഷ്ടപ്പെട്ട നിഷ്‌കളങ്കരായിരുന്നു. വികസനത്തിന് തടസ്സം നല്‍ക്കുന്നതിനെയൊക്കെയും നീക്കി മുന്നോട്ടുപോകാന്‍ മോദിക്ക് ആകുമെന്നും വ്യക്തിശാക്തീകരണവും കാഴ്ച്ചപ്പാടും മാറാതെ വികസനം സാധ്യമാകുമെന്നുമുള്ള തരത്തില്‍ ജനങ്ങളെ എളുപ്പം കബളിപ്പിക്കുകയായിരുന്നു. വികസനത്തിന് തടസ്സം കോണ്‍ഗ്രസ് ആണെന്നും, കോണ്‍ഗ്രസ് മുക്തഭാരതം നിര്‍മ്മിക്കുമെന്നും അവര്‍ തെറ്റിദ്ധരിപ്പിച്ചു. മുഖമില്ലാത്ത, അലോസരപ്പെട്ടിരുന്ന കോടിക്കണക്കിന് ഇന്ത്യക്കാര്‍ ഈ വാക്കുകളില്‍ വിശ്വസിച്ചു. അമിതപ്രതീക്ഷകളുടെ ബൃഹത്തായ ഒരു സൈന്യത്തിനൊപ്പം മോദി അധികാരമേറി.
പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍
വിചിത്രമായ വാഗ്ദാനങ്ങളാണ് ബി.ജെ.പി നല്‍കിയിരുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിപോലും ബി.ജെ.പി ഭരണത്തിലേക്ക് എത്തുമെന്ന് വിശ്വസിച്ചിരുന്നില്ല. എങ്കിലും അത് സംഭവിച്ചു. എന്നിട്ടും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കേണ്ടതില്ലായെന്നായിരുന്നു അദ്ദേഹം തന്നെ പറഞ്ഞ്. ആ വാഗ്ദാനങ്ങള്‍ കാര്യമായി പരിഗണിക്കപ്പെട്ടില്ല. ചില വിശദീകരണങ്ങള്‍ ബുദ്ധിപൂര്‍വ്വമെന്ന് തോന്നുമെങ്കിലും അത് സഹായിക്കില്ല. പകരം നോട്ടുനിരോധനവും ജി.എസ്.ടിയും അത് ആവിഷ്‌കരിച്ചവരെ വേദനിപ്പിക്കുകയും ചെയ്തു.
ഒരേസമയം പൊതുജനങ്ങളുടെയും ആര്‍ത്തിമൂത്ത കോര്‍പറേറ്റ് ഭീമന്‍മാരുടെയും ദാസനായി ഇരിക്കാന്‍ കഴിയില്ലെന്ന് ഭരണത്തിലേറിയപ്പോള്‍ തന്നെ മോദി തിരിച്ചറിഞ്ഞു. ജ്യോതിഷികളുടെയും കുത്തകകളുടെയും ഔദാര്യത്തിലാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പൊതുജനങ്ങളുടെ വോട്ടുകൊണ്ടുമാത്രമേ മോദിക്ക് തന്റെ അധികാരം ശക്തിപ്പെടുത്താനാകൂ. എന്നാല്‍ കുത്തകമുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി പൊതുജനങ്ങളെ മറന്നു. ഇതിന്റെ ദൂഷ്യഫലമെന്തെന്ന് ഗുജറാത്തില്‍ മുഖ്യമന്ത്രിസ്ഥാനം വഹിച്ചിരുന്ന അദ്ദേഹത്തിന് മനസ്സിലാകാത്തത് കഷ്ടമാണ്.
മറ്റ് പല രാജ്യങ്ങളിലെയും പോലെ ഇന്ത്യയിലും വികസന രേഖകളും സംഖ്യകളും കണക്കാക്കപ്പെടുന്നത് സംഘടിത മേഖലകളിലെ സൂചനകള്‍ ഉപയോഗപ്പെടുത്തിയാണ്. പ്രത്യേകിച്ച് കോര്‍പ്പറേറ്റുകളുടെ. 45 ശതമാനം ദേശീയവരുമാനവും ഉത്പാദിപ്പിക്കുന്നതും രാജ്യത്തെ 93 ശതമാനം ഉള്‍പ്പെടുന്ന അസംഘിടതരായ തൊഴിലാളികളുടെ കണക്കുകളും വിവരങ്ങളും ഒരിടത്തും പ്രതിപാദിക്കപ്പെടാറില്ല. ജി.ഡി.പി (മൊത്ത ആഭ്യന്തര ഉത്പാദനം) ഉയര്‍ന്നാലും താഴ്ന്നാലും ഈ തൊഴിലാളി വിഭാഗങ്ങള്‍ അതില്‍ ഉള്‍പ്പെടില്ല. ഏകദേശം 5കോടിയോളം വരും ഇവരുടെ എണ്ണം. എന്നാല്‍ ഇവര്‍ വികസനകഥയില്‍ പ്രസക്തമല്ല. ഈ കണക്കുകള്‍ ഉള്‍പ്പെടുത്തിയാല്‍ ഇപ്പോഴുള്ള വീമ്പുപറച്ചിലുകള്‍ തകരും.
വ്യാമോഹങ്ങളുടെ കച്ചവടക്കാരന്‍
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലേക്ക് തിരിച്ചെത്താം. പ്രത്യേകിച്ച് മധ്യപ്രദേശ്, ചത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍. അവിടെ എല്ലാത്തിലുമുപരിയായി ശ്രദ്ധേയമായത് അജയ്യ പരിവേഷമുള്ള മോദിക്ക് ഒത്ത എതിരാളിയായി കളങ്കമില്ലാത്ത നേതാവെന്ന തരത്തില്‍ രാഹുല്‍ഗാന്ധിയുടെ ഉദയമാണ്. ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പിക്കുണ്ടായ തകര്‍ച്ച അവരെ ആശങ്കപ്പെടുത്തുന്നതാണ്. എന്തുകൊണ്ട് ഇത് വളരെ പെട്ടെന്ന് നടന്നു?
മരണങ്ങളുടെ വ്യാപാരി എന്നാണ് 2002ല്‍ ഗുജറാത്ത് കലാപകാലത്ത് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി മോദിയെ പരാമര്‍ശിച്ചത്. അതുപോലെ എനിക്ക് മോദിയെ ചിത്രീകരിക്കാന്‍ ആകുമോ എന്നറിയില്ല. പക്ഷേ, വ്യാമോഹങ്ങളുടെ ഹിപ്‌നോടിക് കച്ചവടക്കാരന്‍ എന്ന് വിശേഷിപ്പിക്കാന്‍ മടിയില്ല. ഇക്കാര്യത്തില്‍ ചരിത്രത്തിലെ ഏറ്റവും എഫക്ടീവായ ഒരു കച്ചവടക്കാരനാണ് അദ്ദേഹം. ഒരുകാര്യം വ്യക്തമാണ് ഇത് രാജ്യത്തെ മുന്നോട്ട് നയിച്ചിട്ടില്ല എന്നതാണ്. എല്ലാ വാഗ്ദാനങ്ങളും അഭിമുഖീകരിക്കാതെയോ പ്രാവര്‍ത്തികമാകാതെയോ ബാക്കിയായിരിക്കുകയാണ്. അവ ഏതൊക്കെയെന്ന് വിവരിക്കേണ്ട കാര്യമില്ല. കാരണം അത് നീണ്ടതും പരിചിതവുമായ പട്ടികയാണ്.
മോദി മാജിക് എന്തുകൊണ്ട് ഇത്രപെട്ടെന്ന് മാഞ്ഞു എന്ന് മനസ്സിലാക്കുന്നതിന് അദ്ദേഹത്തിന്റെ ഉയര്‍ച്ചയുടെ രീതി മനസ്സിലാക്കേണ്ടതുണ്ട്. വളരെ ശ്രദ്ധയോടെ കണക്കുകൂട്ടിയാണ് ഉയര്‍ന്നുകയറിയത്. അതൊക്കെ ഇങ്ങനെയാണ്.
ലക്ഷ്യം: സ്വന്തം താല്‍പര്യത്തിനുവേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക.
എങ്ങനെ ഇത് ചെയ്യാനാകും? പ്രതീക്ഷകളെ ഉയര്‍ത്തുക എന്നതാണ്. ജ്യോതിഷപരമായിട്ടാണെങ്കില്‍ നല്ലത്. അതെങ്ങനെ? പ്രശ്‌നങ്ങളെ പര്‍വ്വതീകരിച്ച് കാണിക്കുകയും അതിന് മാന്ത്രികമായ ഒരു പരിഹാരമുണ്ടെന്ന് പറയുകയും ചെയ്യുക. പ്രശ്‌നങ്ങളില്‍ പൊതുജനം നിസ്സഹായകരാകുമ്പോള്‍ അത് പരിഹരിക്കാനായിട്ട് പുതിയമാര്‍ഗ്ഗങ്ങളുമായി എത്തുന്നയാളിനെ അന്വേഷിക്കുന്നു. അതാണ് അവരുടെ ദൗര്‍ബല്യം. സ്വന്തം മനസ്സാക്ഷിയെ കല്ലാക്കാനും നിശ്ശബ്ദമാക്കാനും കൂടി സാധിച്ചാല്‍ ചിരിച്ചുകൊണ്ട് ഇതില്‍ നിന്ന് നേട്ടംകൊയ്ത് വീട്ടിലേക്ക് പോകാം.
പക്ഷേ ഇത് അധികകാലം നടക്കില്ല, കാലംമാറും. കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ പ്രതീക്ഷകളും വാനോളം ഉയരും. തിരിച്ചടി കൂടുതല്‍ കഠിനവും കയ്‌പ്പേറിയതുമാകും. പക്ഷേ അതുപോലെ തന്നെ വന്ന് ഭവിക്കണമെന്നില്ല. അതൊക്കെ രാഷ്ട്രീയകാര്യത്തില്‍ ബാധിക്കുകയുമില്ല. ചരിത്രം നിങ്ങളില്‍ നിന്നൊരു ചെറിയൊരു ഉന്ത്മാത്രമമേ ആവശ്യപ്പെടുന്നുള്ളൂ എന്ന സ്റ്റാലിന്റെ വാക്കുകള്‍ ഓര്‍ക്കുക.
ഒരുകാലത്ത് സ്‌കൂള്‍കുട്ടികളുടെ നിലവാരത്തില്‍ മോദിയും കൂട്ടരും പപ്പുവെന്ന് വിളിച്ച് ആക്ഷേപിച്ച രാഹുല്‍ഗാന്ധിയുടെ ‘പാര്‍ട് ടൈം രാഷ്ട്രീയക്കാരന്‍’ എന്ന മോദിക്കെതിരായ ആരോപണത്തിന് മറുപടി നല്‍കാന്‍ ആയിട്ടില്ല.
തെരഞ്ഞെടുപ്പ് ഫലമെണ്ണുമ്പോള്‍ വിവിധ മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് വിശാരദന്‍മാര്‍ തോല്‍വിക്ക് പലകാരണങ്ങളും കണ്ടു പക്ഷേ മേല്‍പ്പറഞ്ഞതുമാത്രം കണ്ടില്ല. ഈ തെരഞ്ഞെടുപ്പ് ഫലം മോദിക്ക് എതിരാണ് പക്ഷേ കോണ്‍ഗ്രസിന് അനുകൂലമല്ല എന്നുപലതവണ ആവര്‍ത്തിക്കുകയായിരുന്നു (രാഹുല്‍ഗാന്ധിയുടെ പേര് പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു) എന്തുകൊണ്ടാണ് അങ്ങനെ? അത് അവര്‍ നിങ്ങളോട് പറയില്ല.
അജയ്യന്‍ എന്ന കെട്ടുകഥ
പ്രധാനപോയിന്റ് മോദി മുന്നോട്ടുപോകുന്തോറും ആശയദാരിദ്ര്യം അദ്ദേഹത്തെ ബാധിക്കുന്നുണ്ട്. വാക്കുകള്‍കൊണ്ടുള്ള സൂത്രപ്പണികളാലും അതിന്റെ ആവര്‍ത്തനങ്ങള്‍ കൊണ്ടും ഒരാള്‍ക്ക് മുന്നോട്ടുപോകാവുന്നതിന്റെ പരമാവധി മോദി മുന്നോട്ടുപോയിക്കഴിഞ്ഞു. ആ വാക്കുകള്‍കൊണ്ടുള്ള സൂത്രപ്പണികളുടെ ഒരു സമാഹാരം തന്നെ നിര്‍മ്മിക്കാന്‍ കഴിയും. ചൂട് ദോശപോലെ അതുവില്‍ക്കുകയും ചെയ്യാം. പക്ഷേ ദോശയുടെ കാര്യം പറഞ്ഞതുപോലെ തന്നെ അത് നശ്വരവും ജീവിതകാലം കുറവുമാണ്. പൊതുജനങ്ങളുടെ പ്രശ്‌നപരിഹാരം എന്നതിന് പകരം വെയ്ക്കാന്‍ മറ്റൊന്നിനും ആകില്ല.
ഉദാഹരണത്തിന് അംഗവൈകല്യമുള്ളവരെ ‘വികലാംഗ്’ എന്ന് വിളിക്കാതെ ‘ദിവ്യാംഗ്’ എന്ന് പറയണം എന്ന് നിര്‍ദ്ദേശിച്ചു. അംഗവൈകല്യമുള്ളവര്‍ ദൈവത്തോട് അടുത്തുനില്‍ക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. കേള്‍ക്കാന്‍ ഒരുസുഖമുണ്ട്. പക്ഷേ അംഗവൈകല്യമുള്ളവരുടെ അവസ്ഥയില്‍ എന്തെങ്കിലും ഗുണകരമായ മാറ്റുണ്ടാക്കാനോ അങ്ങനെ ചിന്തിക്കുവാനോ പോലും ആ പ്രസ്താവനക്കായില്ല. പുതിയ പേര് വളരെ മനോഹരമാണ് സന്തോഷിപ്പിക്കുന്നതാണ് സ്ഥിരമായ വേദനശമിപ്പിക്കാന്‍ ഇതുമതി.. ഇനി വീട്ടില്‍പോയി സുഖമായി ഉറങ്ങിക്കൊള്ളുക….
മോദിയുടെ അജയ്യത എന്നത് വാലാട്ടികളായ മാധ്യമങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയ ഒരു കെട്ടുകഥമാത്രമാണ്. വളരെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ ആകുമെന്നും വാഗ്ദാനങ്ങള്‍ പാലിക്കുമെന്നുമുള്ളത് വളരെ കുറച്ചും. അതേസമയം കോണ്‍ഗ്രസ് നശിക്കുകയണെന്നും രാഹുല്‍ഗാന്ധിയെ പരിഹസിച്ചും പറഞ്ഞ് തയ്യാറാക്കിയ ഒരു കെട്ടുകഥ.
ആദ്യം മുതലെ രാഹുല്‍ഗാന്ധി മോദിക്കെതിരെ ശക്തമായ ശബ്ദമായാണ് ഉയര്‍ന്നുവന്നത്. മോദി എന്തൊക്കെ ആണോ അതൊന്നുമല്ല രാഹുല്‍ഗാന്ധി. മോദി നേതൃത്വം നല്‍കുന്ന ശക്തവും സംഘടിതവുമായ ഗ്രൂപ്പിന്റെ പരിഹസിക്കലുകളില്‍ ഭയപ്പെട്ടില്ല. തന്റെ പ്രസംഗത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സ്വയം രൂപപ്പെടുകയായിരുന്നു. തുടര്‍ച്ചയായി നേരിട്ട പരാജയങ്ങളെ നേരിടാനും ശ്രദ്ധിക്കാനും പഠിക്കാനും കഴിഞ്ഞു. ഏറെ പഴികേട്ടതായിരുന്നു രാഹുല്‍ആദ്യകാലങ്ങളില്‍ ഏറ്റുവാങ്ങിയ പരാജയങ്ങള്‍. അമ്മ സോണിയാഗാന്ധിയെപ്പോലെ ദൃഢചിത്തനായ ഒരു വിദ്യാര്‍ത്ഥിയായി.
രാഹുല്‍ഗാന്ധിയുടെ അരങ്ങേറ്റം സംഭവിച്ചത് ജൂലൈയില്‍ മോദി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ അവിശ്വാസ പ്രമേയത്തിലൂടെയാണ്. കണക്കുചോദിക്കലകളുടെ വിസ്‌ഫോടനം തന്നെയായിരുന്നു അന്ന് സംഭവിച്ചത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തന്റെ കര്‍മ്മം എന്താണെന്ന് തിരിച്ചറിയുകയും അതിനെ ആഗ്രഹത്തോടെയും ആവേശത്തോടെയും പിന്തുടരുന്നയാളുമാണ് രാഹുല്‍ഗാന്ധിയെന്ന് ജനങ്ങളെ ബോധിപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
ഉയര്‍ത്തെഴുന്നേല്‍പ്പോ വംശനാശമോ
ഇതിലെവിടെയാണ് ചാള്‍സ് ഡാര്‍വിന്‍ കടന്നുവരുന്നത്? ഡാര്‍വിന്റെ സിദ്ധാന്തപ്രകാരം ജീവിതത്തില്‍ ഉയര്‍ന്നുവരുന്ന പ്രതിസന്ധികള്‍ക്ക് അനുസൃതമായി പരിണാമം സംഭവിക്കാത്ത ജീവിവര്‍ഗ്ഗങ്ങള്‍ക്ക് വംശനാശം സംഭവിക്കുമെന്നതാണ്. ആളുകളെ കബളിപ്പിച്ച് മുന്നോട്ടുപോകാനുള്ള അവസരം അധികമില്ല. ആല്‍വിന്‍ ടോഫ്‌ലര്‍ എഴുതിയ future shock എന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഭാവിയും നമ്മുടെ ഉത്തരവാദിത്തമാണ്. വേഗതയാണ് ഇന്നിന്റെ ജീവിതത്തിന് ഏറ്റവും പ്രധാനം. കാലഹരണപ്പെടലിനെയും ആ വേഗത ബാധിച്ചിട്ടുണ്ട്.
നോബല്‍ പ്രൈസ് ഏറ്റുവാങ്ങിക്കൊണ്ട് ജോര്‍ജ്ജ് ബര്‍ണാഡ്ഷാ നടത്തിയ പ്രസംഗം ഇങ്ങനെയാണ്: ടോളമിയുടെ ലോകം 1400 വര്‍ഷം നിലനിന്നു.. ന്യൂട്ടന്റെ ലോകം നിലനിന്നത് 300 വര്‍ഷമാണ്.. അപ്പോള്‍ ഐന്‍സ്റ്റിന്റെ ലോകമോ? ഇപ്പോള്‍ 30 വര്‍ഷമായി.. (ഐന്‍സ്റ്റിന്‍കൂടിയുണ്ടായിരുന്ന വേദിയിലായിരുന്നു 1930 ലെ ഈ സംഭവം) എനിക്ക് അറിയില്ല ഇനിയെത്രകാലം കൂടി ഇത് നിലനില്‍ക്കുമെന്ന്.
അടുത്ത 50 വര്‍ഷങ്ങളില്‍ ഇന്ത്യ ബി.ജെ.പി ഭരിക്കുമെന്ന ആശയം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ അമിതാവേഷം മാത്രമാണ്. ചരിത്രം പരിശോധിച്ചാല്‍ ഇത്തരം അവകാശപ്പെടലുകളൊക്കെ ഭൂമുഖത്തുനിന്നുതന്നെ തുടച്ചുനീക്കപ്പെട്ടിട്ടുണ്ട്. മണലിലെഴുതിയ ജല്‍പനങ്ങളെപ്പോലെ മാറ്റം അതിനെയൊക്കെ മായ്ച്ചുകളയും. സങ്കീര്‍ത്തകര്‍ പറയുന്നതുപോലെ -ഒരുനിമിഷം നിങ്ങള്‍ക്കത് കാണാന്‍ കഴിയും വീണ്ടും അതിനെത്തേടുമ്പോള്‍ അത് അവിടങ്ങളില്‍ ഉണ്ടാകില്ല.
(കടപ്പാട്- ഇംഗ്ലീഷ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ scroll.in)