ന്യൂഡല്‍ഹി: റഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആവശ്യത്തിന് തെളിവുകളുണ്ടെന്നും മോദിയെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. അഴിമതിയുടെ നിര തുടങ്ങുന്നതും അവസാനിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിയിലാണ്.
പ്രധാനമന്ത്രിയിലേക്ക് വിരല്‍ചൂണ്ടുന്ന രേഖകളുടെ ‘മോഷണം’ പോയെന്ന് പറയുന്ന സര്‍ക്കാര്‍ അത് മറച്ചുവെയ്ക്കാനാണ് ശ്രമിക്കുന്നത്. രാഹുല്‍ഗാന്ധി തന്റെ ട്വീറ്റിലൂടെ വെളിപ്പെടുത്തി.
ഫ്രഞ്ച് വിമാനക്കമ്പനി ഡാസോ ഏവിയേഷനെ സഹായിക്കാന്‍ മോദി തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നും പൊതുപണം നഷ്ടപ്പെടുത്തിയെന്നും സുര്‍ജേവാല കുറ്റപ്പെടുത്തിയിരുന്നു.
റഫേലുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള അഴിമതി നടന്നതായി തെളിഞ്ഞു. ഇത് അഴിമതി നിരോധന നിയമത്തിന്റെ ലംഘനമാണ്. ഇന്ത്യന്‍ പീനല്‍കോഡിന്റെ വിവിധ വകുപ്പുകളും ഇതില്‍ ചേര്‍ക്കാവുന്നതാണ്. മോദിക്കും മറ്റുള്ളവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി അധികാരത്തിന്റെ ഉന്നത സ്ഥാനത്തുള്ളവരേയും ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
റഫാലുമായി ബന്ധപ്പെട്ട് രേഖകള്‍ ഇപ്പോള്‍ പൊതുജനമധ്യത്തിലാണ്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മോദിക്കാണ്. പ്രധാനന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണം. രാജ്യത്തിനാവശ്യമായ സജ്ജീകരണങ്ങള്‍ ഉള്‍ക്കൊള്ളിക്കാനോ വിമാനത്തിന്റെ സാങ്കേതിക വിദ്യ കൈമാറാനോ റഫാല്‍ ഇടപാടുവഴി കഴിയില്ലെന്നും സുര്‍ജേവാല ചൂണ്ടിക്കാട്ടി.