കർഷകരോട് മോദി മറുപടി പറഞ്ഞത് ടിയർ ഗ്യാസ് ഷെല്ലുകള്‍ കൊണ്ട്; ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ കർഷകക്ഷേമം ഉറപ്പാക്കുമെന്ന് മല്ലികാർജുന്‍ ഖാർഗെ

Jaihind Webdesk
Tuesday, May 28, 2024

 

അമൃത്സർ/പഞ്ചാബ്: കർഷകർ തങ്ങളുടെ ആവശ്യങ്ങളുമായി കേന്ദ്രത്തെ സമീപിച്ചപ്പോൾ അവർക്കുനേരെ ടിയർ ഗ്യാസ് ഷെല്ലുകൾ ഉതിർക്കുകയാണ് മോദി സർക്കാർ ചെയ്തതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇന്ത്യ സഖ്യം കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ കാർഷിക ഉപകരണങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുമെന്നും മിനിമം താങ്ങുവില ഉറപ്പാക്കുമെന്നും ഖാർഗെ വ്യക്തമാക്കി. അമൃത്സറിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നാണ്. മിനിമം താങ്ങുവിലയ്ക്ക് തങ്ങളുടെ കാർഷികോത്പന്നങ്ങൾ അർഹമാണെന്ന് കർഷകർക്ക് ഉറപ്പുണ്ട്. കർഷകർ കേന്ദ്രത്തെ സമീപിച്ചെങ്കിലും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാനോ അവരെ കേൾക്കാനോ കേന്ദ്രം തയാറായില്ല. ഗതികെട്ട കർഷകർ വർഷം മുഴുവൻ സമരം ചെയ്യേണ്ടിവന്നു. പ്രതിഷേധിച്ചവർക്കെതിരെ ടിയർ ഗ്യാസ് ഷെല്ലുകൾ ഉതിർക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്നും ഖാർഗെ കുറ്റപ്പെടുത്തി.

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന് ഖാർഗെ വ്യക്തമാക്കി. അഞ്ച് ന്യായ് പദ്ധതികൾക്ക് കീഴില്‍ 25 വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. 10 കിലോ ഗ്രാം അരി ജനങ്ങൾക്ക് സൗജന്യമായി നൽകും. കാർഷിക വിളകളുടെ ഇൻഷുറൻസ് തുക 30 ദിവസത്തിനകം കർഷകന് ലഭ്യമാക്കും. കാർഷിക ഉപകരണങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുമെന്നും ഖാർഗെ പറഞ്ഞു.

പഞ്ചാബിന്‍റെ ഭാവിക്ക് തന്നെ ഭീഷണിയാകുന്ന തരത്തില്‍ സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരിമരുന്നിന്‍റെ ഉപയോഗവും ഖാർഗെ പരാമർശിച്ചു. ലഹരിയുടെ വർധിച്ചുവരുന്ന ഉപയോഗം കാരണം സംസ്ഥാനത്ത് ക്രമസമാധാനനില ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി. ജിഎസ്ടിയുടെ തെറ്റായ നടപ്പാക്കലിലൂടെ ചെറുകിട വ്യവസായത്തിന് വൻ തിരിച്ചടിയാണ് ഉണ്ടായത്. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ഇത് തിരുത്തുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.