പാക് വാദങ്ങള്‍ തള്ളി എസ്-400നൊപ്പം മോദി; അദംപൂര്‍ വ്യോമതാവളത്തില്‍ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം

Jaihind News Bureau
Tuesday, May 13, 2025

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പഞ്ചാബിലെ അദംപൂര്‍ വ്യോമതാവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. സൈനികര്‍ക്ക് നേരെ കൈവീശുന്ന പ്രധാനമന്ത്രിയുടെ പിന്നിലായി മിഗ്-29 വിമാനവും കേടുപാടുകളില്ലാത്ത എസ്-400 വ്യോമ പ്രതിരോധ സംവിധാനവും വ്യക്തമായി കാണാമായിരുന്നു.

ഈ ചിത്രത്തിന് രണ്ട് പ്രധാന സന്ദേശങ്ങളാണുണ്ടായിരുന്നതെന്ന് വ്യക്തമാവുകയാണ്. അദംപൂരിലെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം ജെഎഫ്-17 യുദ്ധവിമാനത്തില്‍ നിന്നുള്ള മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തുവെന്ന പാകിസ്ഥാന്റെ അവകാശവാദം തള്ളിക്കളയുക മാത്രമല്ല, സര്‍ക്കാര്‍ സായുധ സേനയ്ക്ക് പിന്തുണയുമായി ഉറച്ചുനില്‍ക്കുന്നു എന്ന സൂചന നല്‍കുക കൂടിയായിരുന്നു അത്.

ഭീകര ക്യാമ്പുകള്‍ക്കും സൈനിക താവളങ്ങള്‍ക്കുമെതിരായ ആക്രമണം ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും എന്നാല്‍ അവസാനിപ്പിച്ചിട്ടില്ലെന്നും പാകിസ്ഥാന് ശക്തമായ സന്ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വ്യോമതാവളമായ അദംപൂരിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഈ സന്ദര്‍ശനം പാകിസ്ഥാനുള്ള വ്യക്തമായ മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്.