രാജ്യത്തെ വോട്ട് കൊള്ളക്കെതിരെ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ബിഹാറില്‍ യാത്ര നടത്തുമ്പോള്‍ അത് അറിഞ്ഞ ഭാവം നടിക്കാത്ത ഒരു മുഖ്യമന്ത്രിയുണ്ട് ഇങ്ങ് കേരളത്തില്‍. രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാടിലെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ യാത്രയില്‍ പങ്കെടുത്തപ്പോള്‍ വോട്ട് കൊള്ളക്കെതിരെയോ, തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയോ, നരേന്ദ്ര മോദിക്കെതിരെയോ ഒരക്ഷരം മിണ്ടിയിട്ടില്ല സിപിഎം പോളിറ്റ് ബ്യൂ റോ അംഗം കൂടിയായ കേരളാ മുഖ്യമന്ത്രി.
ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വലിയ മുന്നേറ്റം സൃഷ്ടിച്ച വോട്ടര്‍ അധികാര്‍ യാത്രയോടും വോട്ട് കൊള്ള ആരോപണത്തോടും മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖം തിരിക്കുന്നത് അദ്ദേഹത്തിന്റെ നിലപാടിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇന്ത്യ മുന്നണിയുമായി സഹകരിക്കുന്ന സിപിഎം, സിപിഐ, സിപിഐ (എംഎല്‍) തുടങ്ങിയ ഇടതുപാര്‍ട്ടികളുടെ ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെല്ലാം യാത്രയില്‍ പങ്കാളികളാണ്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പല ദിവസങ്ങളിലായി യാത്രയുടെ ഭാഗമായി.
ഇന്നത്തെ സമാപന റാലിയില്‍ പ്രധാന ഘടകകക്ഷി നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്തു. പ്രതിപക്ഷത്തെ പ്രധാന നേതാക്കള്‍ എല്ലാം വോട്ട് ചോരി ക്യാമ്പയിന് സമൂഹമാധ്യമങ്ങള്‍ വഴിയും നേരിട്ടും പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ കേരള മുഖ്യമന്ത്രി മാത്രം ബിജെപിയുടെ വോട്ട് കൊള്ളയ്ക്കെതിരെ ഒരു പ്രതികരണവും നടത്തിയില്ല. രാഹുലിന്റെ യാത്ര കണ്ടതായി പോലും നടിച്ചില്ല. പാര്‍ട്ടിയുടെ ഏറ്റവും ഉന്നത സമിതി അംഗം കൂടിയായ നേതാവിന്റെ ഈ നിലപാട് ജനറല്‍ സെക്രട്ടറി എം.എ ബേബിയെ വരെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
എല്‍ ഡിഎഫ് ഘടകകക്ഷി കൂടിയായ ആര്‍ജെഡിയാണ് ബിഹാറില്‍ പ്രധാന പോരാട്ടം നടത്തുന്നത് എന്ന കാര്യവും പിണറായി വിജയന്‍ വിസ്മരിച്ചു. മോദി സര്‍ക്കാരിനെ സ്വാധീനിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയില്‍ നിന്ന് തലയൂരാനുള്ള പിണറായി വിജയന്റെ ശ്രമമാണ് ഈ മൗനത്തിന് പിന്നില്‍ എന്ന ആരോപണം ശക്തമാണ്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഈ യാത്രയില്‍ നിന്ന് പിണറായി വിജയന്‍ വിട്ടുനിന്നത് ബിജെപിയുമായുള്ള അദ്ദേഹത്തിന്റെ ഒത്തുതീര്‍പ്പിന്റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ദേശീയ തലത്തില്‍ പിണറായി വിജയനെ പ്രതിരോധത്തിലാക്കുന്ന ഒട്ടേറെ വിഷയങ്ങളുണ്ട്. അത് ലാവലിന്‍ മുതല്‍ മകളുടെ കമ്പനിയുടെ നിയമവിരുദ്ധ ഇടപെടലുകള്‍ വരെയുണ്ട്. ഇതിലൊക്കെ പ്രധാനമന്ത്രിയുടെ അനിഷ്ടം വിലയ്ക്കു വാങ്ങാന്‍ പിണറായി ആഗ്രഹിക്കുന്നില്ല എന്നതാണ് ഇതിലെ പ്രധാന കാര്യം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ ഇരട്ട നിലപാട് എല്‍ഡിഎഫിന് ദോഷകരമാകുമോ എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.