പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി പരസ്യ ചിത്രീകരണത്തില്‍; വിമര്‍ശനവുമായി കോണ്‍ഗ്രസ്‌

Jaihind Webdesk
Thursday, February 21, 2019

പുൽവാമ ഭികരാക്രമണത്തെ അർഹിക്കുന്ന ഗൗരവത്തോടെയല്ല പ്രധാനമന്ത്രി നരേന്ദ്രമോദി പരിഗണിച്ചത് എന്നാരോപിച്ച് കോൺഗ്രസ് രംഗത്ത്. പുൽവാമ ഭികരാക്രമണം നടന്ന ദിവസം വൈകുന്നേരം വരെ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയുടെ ചിത്രീകരണത്തിലായിരുന്നു പ്രധാനമന്ത്രി. രക്തസാക്ഷികളോടുള്ള ആദരവിനേക്കാള്‍ അധികാരത്തിനോടുള്ള ആർത്തിയാണ് പ്രധാനമന്ത്രിക്കെന്നും കോൺഗ്രസ് വക്താവ് രൺദിപ് സിങ്ങ് സുർജേവാല വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

പുൽവാമ ഭികരാക്രമണത്തിന്റെ പശ്ചാലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വിമർശനങ്ങളുമായി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല രംഗത്തെത്തി. പുൽവാമ ഭീകരാക്രമണം നടന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ജിം കോർബറ്റ് പാർക്കിൽ പ്രചാരണ വീഡിയോയുടെ ചിത്രീകരണത്തിലായിരുന്നു. ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ട വാർത്തയറിഞ്ഞ് രാജ്യം മുഴുവൻ ദുഖത്തിലാണ്ടപ്പോൾ രാജ്യധർമ്മത്തിന് പകരം സ്വന്തം പാർട്ടിയുടെ ഭരണത്തുടർച്ച ഉറപ്പിക്കാനുള്ള പരിപാടികൾക്കാണ് പ്രധാനമന്ത്രി പ്രാധാന്യം നൽകിയത്.

രാജ്യം ജവാന്മാരുടെ ചിന്നി ചിതറിയ ശരീര ഭാഗങ്ങൾ കൂട്ടിയെടുക്കുന്ന നേരത്ത് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ പ്രസംഗിക്കുകയായിരുന്നു. പുൽവാമ ആക്രമണത്തിന്റെ നടുക്കത്തിൽ രാജ്യത്തെ അടുപ്പുകളിൽ എല്ലാം തീ അണഞ്ഞപ്പോൾ രാംനഗറിലെ ഗസ്റ്റ് ഹൗസിൽ പ്രധാനമന്ത്രി ചായ കുടിക്കുകയായിരുന്നു എന്നും എന്ന് രൺദീപ് സിങ്ങ് സുർജേവാല ചൂണ്ടികാണിച്ചു. ഇങ്ങനെയാരു പ്രധാനമന്ത്രി ലോകത്തെവിടെ എങ്കിലും ഉണ്ടാകുമോ എന്ന് ചോദിച്ച സുർജേവാല ബിജെപി പുൽവാമ ഭീകരാക്രമണത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ചു.രക്തസാക്ഷികളോടുള്ള ആദരവിനെക്കാൾ ആധികാരത്തിനോടുള്ള ആർത്തിയാണ് പ്രധാനമന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു.

1971ൽ കോൺഗ്രസാണ് പാകിസ്ഥാനെ തോൽപ്പിച്ചത്. ഇന്ദിരാ ഗാന്ധിയുടെ ഭരണ കാലത്ത് ബംഗ്ലാദേശിനെ സ്വന്തന്ത്രമാക്കുകയും പാകിസ്ഥാന്റെ 91,000 സൈനികരേ കീഴടങ്ങാൻ നിർബന്ധിതമാക്കുകയും ചെയ്തു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയും മേലുള്ള ആക്രമണമായിരുന്നു പുൽവാമ ഭീകരാക്രമണം എന്നും ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് സൈന്യത്തിന് പൂർണ്ണ പിന്തുണ നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ നടപടി കൊല്ലപ്പെട്ട ജവാന്മാരോടുള്ള അനാദരവായി ചൂണ്ടിക്കാണിക്കുമ്പോൾ ദേശസ്േനഹത്തെക്കുറിച്ചും സൈനികരോടുള്ള ആദരവിനെക്കുറിച്ചും പ്രധാനമന്ത്രി ഇതുവരെ നടത്തിയ പ്രസ്താവനകളുടെ സത്യസന്ധതയെക്കുറിച്ച ചോദ്യങ്ങളാണ് ഉയരുന്നത്. പുൽവാമ ആക്രമണം നടന്ന ദിവസം വളരെ വൈകിയും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളും സഖ്യ ചർച്ചകളും റാലികളും ആയി മുന്നോട്ട് പോയ അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ നടപടികൾ കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.