‘മോദിക്ക് ഉറക്കക്കുറവ് മൂലം സമനില നഷ്ടമായി’, അടിയന്തരമായി ഡോക്ടറെ കാണിക്കണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി

Jaihind Webdesk
Tuesday, May 7, 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. ഉറക്കക്കുറവ് മൂലം നഷ്ടമായ സമനില വീണ്ടെടുക്കാന്‍ ഡോക്ടറെ കാണിക്കണമെന്ന് ഭൂപേഷ് ബാഗല്‍ ആവശ്യപ്പെട്ടു. കാലങ്ങള്‍ക്ക് മുമ്പ് മരിച്ച് പോയ നേതാവിനെ കുറിച്ച് ഇപ്പോള്‍ പറയണമെങ്കില്‍ മോദിക്ക് ഉറക്കക്കുറവിന്‍റെ പ്രശ്‌നമുണ്ടാകുമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിതാവുമായ രാജീവ് ഗാന്ധിയ്ക്കെതിരായ മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉറക്കക്കുറവുണ്ടെന്നും ദിവസവും മൂന്നോ നാലോ മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നതെന്നും മോദി തന്നെ പറഞ്ഞിട്ടുള്ളതാണ്. ആവശ്യത്തിന് ഉറക്കം കിട്ടാത്തവര്‍ക്ക് മാനസികനില തകരാറിലാവുന്നത് സ്വാഭാവികമാണ്. ഇതിന്‍റെ ഭാഗമായാവാം മോദിയ്ക്ക് സമനില തെറ്റിയതെന്നും അടിയന്തരമായി അദ്ദേഹത്തിനെ ഒരു ഡോക്ടറെ കാണിക്കണമെന്നും ഭൂപേഷ് ബാഗല്‍ പറഞ്ഞു.

ശനിയാഴ്ച ഉത്തര്‍പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയ്ക്കിടെയായിരുന്നു മോദി രാജീവ് ഗാന്ധിയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ കക്ഷികളെല്ലാം രംഗത്ത് വന്നിരുന്നു.