പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് മോഷണത്തിലൂടെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിനെ ഉടന്‍ തന്നെ വോട്ടെടുപ്പില്‍ നിന്ന് പുറത്താക്കുമെന്നും പകരം ദരിദ്രരുടെയും പിന്നോക്കക്കാരുടെയും ദളിതരുടെയും സര്‍ക്കാര്‍ വരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. രാഹുല്‍ ഗാന്ധി നയിച്ച വോട്ടര്‍ അധികാര്‍ യാത്ര രാജ്യമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും അത് തടസ്സപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും എന്നാല്‍ ബീഹാറിലെ ജനങ്ങള്‍ പിന്മാറിയില്ലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോദി വോട്ട് കൊള്ളയിലൂടെ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കുക. നിങ്ങള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ മോദിയും ഷായും നിങ്ങളെ അടിച്ചമര്‍ത്തുമെന്നും ഖാര്‍ഗെ ആരോപിച്ചു. ബിഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം വഴിയുള്ള വോട്ടവകാശ ലംഘനം ഉയര്‍ത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ‘വോട്ടര്‍ അധികാര്‍ യാത്ര’ ആഗസ്റ്റ് 17-ന് ആരംഭിച്ചത്.