മോദിക്ക് പരാജയഭീതി; ഇന്ത്യ സഖ്യം അധികാരത്തിലെത്തും: സിപിഎം മത്സരിക്കുന്നത് ചിഹ്നം പോകാതിരിക്കാനെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

 

തൃശൂർ: യുഡിഎഫ് രാജ്യത്തിന് വേണ്ടി മത്സരിക്കുമ്പോൾ സിപിഎം മത്സരിക്കുന്നത് ചിഹ്നം പോകാതിരിക്കാനെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ. ദേശീയ രാഷ്ട്രീയം അതി ഗുരുതരമായ പ്രതിസന്ധിയിൽ പെട്ടു നിൽക്കുന്ന ഈ കാലഘട്ടത്തിൽ മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് കോൺഗ്രസും യുഡിഎഫും. അതേസമയം സ്വന്തം ചിഹ്നം നിലനിർത്താനുള്ള പോരാട്ടം മാത്രമാണ് സിപിഎമ്മിന് ഈ തിരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്‍റെ ശക്തിക്ക് യുഡിഎഫ് ജയിക്കേണ്ടത് ആവശ്യമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരന്‍റെ പുതുക്കാട് ബ്ലോക്ക്തല പര്യടനം വല്ലച്ചിറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

400 സീറ്റ് നേടി അധികാരത്തിൽ വരുമെന്ന് ദേശീയ മാധ്യമങ്ങളെ കൊണ്ട് പറയിപ്പിക്കുമ്പോഴും മോദി പരാജയഭീതിയിലാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അതുകൊണ്ടാണ് കെജ്‌രിവാളിനെ ജയിലിലടച്ചതും കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതും. തിരഞ്ഞെടുപ്പിനുശേഷം ഇന്ത്യ സഖ്യം അധികാരത്തിൽ വരും. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും അപ്പോൾ കേന്ദ്ര മന്ത്രിയായി കെ. മുരളീധരനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മോദിയും പിണറായിയും തൃശൂർ എത്തിയപ്പോള്‍ പരസ്പര സഹകരണത്തിലാണ് സംസാരിച്ചതെന്ന് കെ. മുരളീധരൻ പറഞ്ഞു. കരുവന്നൂരിൽ ഏറ്റവും വലിയ കൊള്ളയാണ് നടന്നതെന്ന് മോദി പറയുമ്പോൾ എന്തുകൊണ്ടാണ് ഇഡി നടപടിയെടുക്കാത്തതെന്ന് കെ. മുരളീധരന്‍ ചോദിച്ചു. തിരഞ്ഞടുപ്പിലെ സഹകരണത്തിനു വേണ്ടി എല്ലാ വിഷയങ്ങളിലും അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം കളിക്കുകയാണ്. ഇത് നാടിന് ആപത്താണെന്ന് നാം തിരിച്ചറിയണമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു. അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വളളൂർ, എം.പി. വിൻസന്‍റ്, സുനിൽ അന്തിക്കാട് എന്നിവർ സംസാരിച്ചു. വല്ലച്ചിറ, നെന്മണിക്കര, പറപ്പൂക്കര, പുതുക്കാട്, മറ്റത്തൂർ മേഖലകളിലാണ് ഇന്നത്തെ പര്യടനം തുടരുന്നത്.

Comments (0)
Add Comment