മോദി ഏകാധിപതി, ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്നു; രാഹുലിന്‍റെ യാത്ര ജനാധിപത്യത്തെ സംരക്ഷിക്കാനും നീതി ഉറപ്പാക്കാനുമെന്ന് മല്ലികാർജുന്‍ ഖാർഗെ

Jaihind Webdesk
Sunday, January 14, 2024

ഇംഫാല്‍: നരേന്ദ്ര മോദിക്ക് ഏകാധിപത്യ നിലപാടാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കാൻ ബിജെപി ശ്രമിക്കുകയാണ്. വോട്ട് ലഭിക്കുന്നതിനായി മാത്രം മോദി രാമമന്ത്രം ചൊല്ലരുതെന്നും ഖാർഗെ പറഞ്ഞു. മോദി മണിപ്പുരിൽ എത്തിയത് വോട്ടു ചോദിക്കാൻ മാത്രമാണ്. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിച്ച് ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടുക എന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്‍റെ യാത്രയെന്നും ന്യായ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ഖാർഗെ പറഞ്ഞു.

‘‘മതേതരത്വത്തിനും തുല്യതയ്ക്കും സാമൂഹികനീതിക്കുമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. വോട്ടു കിട്ടാൻ വേണ്ടി മോദി മണിപ്പുർ സന്ദർശിച്ചു, എന്നാൽ മണിപ്പൂരിലെ ജനത്തിന്‍റെ വേദനയകറ്റാൻ എത്തിയതുമില്ല. രാജ്യത്തെ ജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കാനും കർഷകരുടെ അവകാശം സംരക്ഷിക്കാനും വേണ്ടിയാണ് ഈ യാത്ര. രാജ്യത്ത് അനുദിനം വർധിക്കുന്ന വിലക്കയറ്റത്തിനെതിരെയാണ് യാത്ര. രാഹുൽ മണിപ്പൂരിലേക്ക് എത്തിയത് നിങ്ങളുടെ വേദനകൾ പങ്കുവെക്കാനും നിങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാനുമാണ്’’– മല്ലികാർജുന്‍ ഖാർഗെ പറഞ്ഞു.

രാജ്യത്തെ ജനാധിപത്യത്തെ ബിജെപി ഇല്ലായ്മ ചെയ്യുകയാണ്. നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിച്ച് ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടുക എന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്‍റെ യാത്ര. നീതിക്കായുള്ള രാഹുലിന്‍റെ പോരാട്ടം നീണ്ടതാണെന്നും ഭാരത് ജോഡോ ന്യായ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.