നരേന്ദ്രമോദി ‘ഇന്ത്യയെ ഭിന്നിപ്പിക്കലിന്റെ പരമാധികാരി’: ഇനിയൊരു അഞ്ചുവര്‍ഷം കൂടി ജനങ്ങള്‍ മോദിയെ സഹിക്കുമോ? ടൈം മാഗസിന്റെ വിശദമായ ലേഖനം; വിവാദം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ഇന്ത്യയെ ഭിന്നിപ്പിക്കലിന്റെ പരമാധികാരി’ എന്നു വിശേഷിപ്പിച്ച് ടൈം മാഗസിന്‍. അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക് നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടക്കുന്ന സാമുദായിക ഭിന്നിപ്പുകളെയും പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമങ്ങണങ്ങളെയും കൊലപാതകങ്ങളെയും എടുത്തുപറഞ്ഞാണ് ടൈം മാഗസിന്റെ ലേഖനം. ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുന്നതില്‍ പരമാധികാരിയായി മോദിയെ വിശേഷിപ്പിച്ചുകൊണ്ട് രംഗത്തുവന്നതോടെ ബി.ജെ.പി കേന്ദ്രങ്ങള്‍ അതൃപ്തിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

മോദിസര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ആതിഷ് തസീറെഴുതിയ ലേഖനത്തിന്റെ തലക്കെട്ടും മോദിയുടെ കാരിക്കേച്ചറുമാണ് അമേരിക്കന്‍ ന്യൂസ് മാഗസിനായ ടൈമിന്റെ ഈ ലക്കം കവറില്‍ നിറഞ്ഞുനില്‍ക്കുന്നത്.
രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ ലേഖനം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലകളിലും ഭരണസംവിധാനങ്ങളില്‍ നടക്കുന്ന ഗൂഡനീക്കങ്ങളിലും മോദി മൗനാനുവാദം നല്‍കുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കൈവരിച്ച മഹത്തായ നേട്ടങ്ങള്‍ മോദി അധികാരത്തിലേറിയ ശേഷം അട്ടിമറിക്കുകയാണ്. മതേതരത്വം, ജനാധിപത്യം, സ്വാതന്ത്ര്യം, നിര്‍ഭയമായ മാധ്യമപ്രവര്‍ത്തനം തുടങ്ങിയവയൊക്കെ അപകടത്തിലായിരിക്കുന്നു. 2002ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് നടന്ന കൂട്ടക്കൊലയില്‍ ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തതിനെയും മാഗസിന്‍ ശക്തമായി വിമര്‍ശിക്കുന്നു.

മെയ് 20ന് പുറത്തിറങ്ങുന്ന മാഗസിന്റെ കവര്‍ ഇതിനോടകം ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. രാജ്യം തെരഞ്ഞെടുപ്പിന്റെ ചൂടില്‍ നില്‍ക്കെ അടുത്ത അഞ്ചു വര്‍ഷക്കാലം കൂടി മോദിയെ ഇന്ത്യന്‍ ജനത സഹിക്കുമോ..? എന്ന ചോദ്യം ഏറെ രാഷ്ട്രീയ പ്രധാന്യമുള്ളതാണ്.

modinarendra modibjptime
Comments (0)
Add Comment