ഡോക്ടര്‍മാരെയടക്കം വാടകക്കെടുത്ത് മോദിയുടെ ആശുപത്രി ഉദ്ഘാടനമാമാങ്കം വിവാദമാകുന്നു

Jaihind Webdesk
Thursday, January 17, 2019

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്ത സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രിക്കായി സമീപത്തെ ആശൂപത്രികളില്‍ നിന്നും ഡോക്ടര്‍മാര്‍, ബെഡുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ കൊണ്ടുപോയെന്ന് ആരോപണം. ഇതിനായി ബിജെപി ഭരിക്കുന്ന അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇടപെട്ടാണ് ഈ നീക്കം നടത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

അഹമ്മദാബാദ് നഗരത്തിലെ സേത്ത് വാദിലാല്‍ സാരാഭായ് ആശുപത്രി (വിഎസ്), ചിനായ് പ്രസൂതി ഗ്രഹ് (പ്രസവ രക്ഷാ ആശുപത്രി) എന്നിവയുടെ മേധാവിമാര്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിവരം പുറത്തുവന്നത്. സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചിലവില്‍ ചികില്‍സ ലഭ്യമാക്കുന്ന ആശുപത്രികളില്‍ നിന്നാണ് ഡോക്ടര്‍മാര്‍, ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ സ്വകാര്യ ആശുപത്രിക്ക് സമാനമായി തുക ഈടാക്കുന്ന പുതിയ ആശുപത്രിയിലേക്ക് മാറ്റിയത്. ആഹമ്മദാബാദ് മുന്‍സിപ്പല്‍ കമ്മീഷന്റെ നടപടി തങ്ങളുടെ അനുമതി കൂടാതെയായിരുന്നെന്നും ട്രസ്റ്റികള്‍ പരാതിയില്‍ പറയുന്നു.
അധികൃതരുടെ നടപടി ഈ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റിച്ചു. നിലവില്‍ ഇവിടെയുള്ള രോഗികള്‍ക്ക് മതിയായ പരിഗണന നല്‍കാന്‍ ആവുന്നില്ലെന്നും പരാതി ചൂണ്ടിക്കാട്ടുന്നു. പുതിയ ആശുപത്രിയെ ഉയര്‍ത്തിക്കാട്ടുന്നതിനായി സമീപത്തുതന്നെയുള്ള വിഎസ് ഹോസ്പിറ്റലിനെ മതിലുകെട്ടിതിരിച്ചെന്നും ട്രസ്റ്റികള്‍ ആരോപിക്കുന്നു.

1933ലാണ് വിഎസ് ആശുപത്രി, ചിനായ് മെറ്റേണിറ്റി ഹോം എന്നിവ സ്ഥാപിക്കപ്പെടുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്ക് മിതമായ നിരക്കില്‍ ചികില്‍സ ലഭ്യമാക്കുന്ന രണ്ട് ആശുപത്രികളും ഒരു ബോര്‍ഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രത്യേക പ്രമേയം പാസാക്കിയാണ് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഈ ആശുപത്രിളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സൗര്യങ്ങള്‍ പുതിയ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് വാര്‍ത്തപുറത്ത് വിട്ട് ന്യൂസ് സെന്‍ട്രല്‍ 24*7 റിപ്പോര്‍ട്ട് പറയുന്നു.

2018 ഡിസംബര്‍ 28 നായിരുന്നു ഉത്തരവ് ഇറക്കിയത്. ഡോക്ടര്‍മാര്‍ക്ക് പുറമെ 700 ബെഡുകള്‍, ഉപകരണങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. കോര്‍പ്പറേഷന്റെ തീരുമാനത്തിന് എതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഉത്തരവ് ഇറങ്ങിയതിന് പിറകെ ഇതിനെതിരം അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ലെന്നും ട്രസ്റ്റികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. അത്യധുനിക സൗര്യങ്ങളോടെ ഒരുക്കിയ ആശുപത്രി അല്‍പസമയം മുന്‍പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിച്ചത്.