‘മോദി സര്‍ക്കാരിന്‍റെ മൗനം തീവ്രവാദത്തോടുള്ള ഒത്തുതീര്‍പ്പ്’; കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Saturday, November 12, 2022

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരുടെ മോചനത്തില്‍ മോദി സര്‍ക്കാരിന്‍റെ അപലപനീയമായ മൗനം തീവ്രവാദ പ്രവര്‍ത്തനത്തോടുള്ള ഒത്തുതീര്‍പ്പാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി.
തീവ്രവാദികളോട് ഒരു സഹതാപവും പാടില്ല, ആ ഭീകരരുടെ മോചനത്തെ അഭിനന്ദിക്കുന്നവര്‍ തീര്‍ച്ചയായും അവരെ പരോക്ഷമായി ധൈര്യപ്പെടുത്തുകയാണെന്നും കെ.സി വേണുഗോപാല്‍ എംപി ട്വിറ്ററില്‍ കുറിച്ചു.

രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട ആറ് പ്രതികളെ മോചിപ്പിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം തീര്‍ത്തും അസ്വീകാര്യവും തെറ്റുമാണെന്ന് കോണ്‍ഗ്രസ് എംപി ജയ്റാം രമേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ സുപ്രീം കോടതി ഇന്ത്യയുടെ മനസറിഞ്ഞ് പ്രവര്‍ത്തിക്കാത്തത് ഏറ്റവും ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാനാണ് സുപ്രീം കോടതി ഉത്തരവ്. ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.  നളിനിയെയും രവിചന്ദ്രനെയും കൂടാതെ റോബർട്ട് പയസ്, രാജ, ശ്രീഹരൻ, ജയ്കുമാർ എന്നിവരാണ് ജയില്‍ശിക്ഷ അനുഭവിച്ചിരുന്നത്. ഇതോടെ രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ പ്രതികളും മോചിതരാകും.