കൊടിക്കുന്നിലിനെ ഒഴിവാക്കിയത് എങ്ങനെയെന്ന് മോദി സർക്കാർ വ്യക്തമാക്കണം; കീഴ്‌വഴക്കങ്ങള്‍ അട്ടിമറിക്കപ്പെട്ടെന്ന് കെ. സുധാകരന്‍ എംപി

Jaihind Webdesk
Friday, June 21, 2024

 

തിരുവനന്തപുരം: പ്രോ ടെം സ്പീക്കർ നിയമനത്തില്‍ പാർലമെന്‍ററി കീഴ്‌വഴക്കങ്ങളെ മോദി സർക്കാർ അട്ടിമറിച്ചെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. കീഴ്‌വഴക്കം അനുസരിച്ച് ലോക്സഭയിലെ മുതിര്‍ന്ന അംഗം എന്ന നിലയില്‍ കൊടിക്കുന്നില്‍ സുരേഷാണ് പ്രോ ടെം സ്പീക്കറാകേണ്ടിയിരുന്നത്. ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവായ കൊടിക്കുന്നിൽ സുരേഷിനെ എന്തുകൊണ്ട് അവഗണിച്ചു എന്ന് മോദി സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർലമെന്‍റ് കീഴ്‌വഴക്കങ്ങളെല്ലാം അട്ടിമറിച്ച് കൊടിക്കുന്നിൽ സുരേഷിനെ പോലെ മുതിർന്ന പാർലമെന്‍റ് അംഗത്തെ അപമാനിച്ചത് ജനാധിപത്യ വ്യവസ്ഥിതിക്ക് തന്നെ നാണക്കേടാണ്. ജനങ്ങള്‍ നല്‍കിയ ശക്തമായ മുന്നറിയിപ്പിനെ അവഗണിച്ചും ഏകാധിപത്യപരമായി പ്രവർത്തിക്കുന്ന സർക്കാർ പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ കടയ്ക്കൽ കത്തിവെക്കുന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. എട്ടുതവണ എംപിയായ കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കി ഏഴു തവണ എംപിയായ ബിജെപി അംഗം ഭർതൃഹരി മെഹ്താബിനെ പ്രോ ടെം സ്പീക്കറാക്കിയത് പാർലമെന്‍ററി സംവിധാനങ്ങളോടുള്ള അവഹേളനമാണ്. വിവേചനപരമായി എടുത്ത ഈ തീരുമാനത്തിനോടുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കെ. സുധാകരന്‍ എംപി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.