വന്‍ വ്യവസായികള്‍ക്ക് തഴച്ചുവളരാന്‍ ചെറുകിടക്കാരെ മോദി സര്‍ക്കാര്‍ ബലിയാടാക്കി; നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാം ഇതിന്‍റെ ഭാഗം: രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, September 22, 2022

 

തൃശൂര്‍/ചാലക്കുടി: നോട്ട് നിരോധനവും ജിഎസ്ടിയും മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത് ചെറുകിട ഇടത്തരം സംരഭകരെ തുടച്ചുനീക്കാനെന്ന് രാഹുല്‍ ഗാന്ധി. അശാസ്ത്രീയമായി അടിച്ചേല്‍പ്പിച്ച  നോട്ട് നിരോധനത്തിന് പിന്നാലെ ജിഎസ്ടി കൂടി നടപ്പിലാക്കിയതോടെ ചെറുകിട സംരംഭകരുടെ നട്ടെല്ലൊടിച്ചു. വന്‍കിട വ്യവസായികള്‍ക്ക് വഴിയൊരുക്കാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ ഇത് ആസൂത്രിതമായി നടപ്പിലാക്കിയതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ അടുപ്പക്കാർ അതിസമ്പന്നരായി മാറുമ്പോള്‍ മറുവശത്ത് ചെറുപ്പക്കാര്‍ തൊഴില്‍രഹിതരായി അലയുകയാണെന്നും വിലക്കയറ്റത്തില്‍ ജനം പൊറുതിമുട്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം നേരിടുന്ന ഇത്തരം വെല്ലുവിളികള്‍ക്കെല്ലാം പരിഹാരം കാണാനാണ് ഭാരത് ജോഡോ യാത്രയെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ പതിനഞ്ചാം ദിവസത്തില്‍ ചാലക്കുടിയില്‍ നടന്ന സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ മുഖ്യമന്ത്രിമാരായ പനമ്പള്ളി ഗോവിന്ദമേനോൻ, കെ കരുണാകരൻ എന്നിവരെ അനുസ്മരിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി പ്രസംഗം ആരംഭിച്ചത്. കേരളത്തിന് മുന്നോട്ടുള്ള ദിശാബോധം പകർന്നുനൽകിയവരാണ് ഇവരെന്ന് അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി പറഞ്ഞത്:

വെറുപ്പും വിദ്വേഷവും ഇന്ത്യൻ ജനതയുടേതല്ല. സ്‌നേഹത്തിന്‍റെ സഹവർത്തിത്വത്തിന്‍റെയും നാടിനെ ഇന്ന് വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും നാടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. രാജ്യത്തിന്‍റെ പ്രധാനമന്ത്രി പറയുന്ന ഓരോ വാക്കുകളും രാജ്യത്തെ ഭിന്നിപ്പിക്കാനും വെറുപ്പും വിദ്വേഷവും പരത്താനും വേണ്ടിയുള്ളതാണ്. ഇന്ന് രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും എക്കാലത്തെയും ഉയർന്ന നിലയിലാണ്. നമ്മുടെ ജനത കടക്കെണിയിലാവുകയാണ്. യുപിഎ ഭരണകാലത്തിൽ ഇന്ത്യയുടെ കടബാധ്യത 50 ലക്ഷം കോടിയായിരുന്നുവെങ്കിൽ മോദി ഭരണത്തിൽ അത് 139 ലക്ഷം കോടിയായി കുതിച്ചുയര്‍ന്നു. 1 ലക്ഷം രൂപയിലധികമാണ് ഇന്ന് ആളോഹരി കടം. രാജ്യത്തെ ഒരു ലക്ഷത്തിലേറെ ആളുകൾ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറി. ഒരു ഭാഗത്ത് വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും അന്തരീക്ഷം പിടിമുറുക്കുന്നു, മറുഭാഗത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും കുതിച്ചുകയറുന്നു. ലോകത്തിലെ തന്നെ ധനികനായ രണ്ടാമത്തെ ആൾ ഇന്ത്യക്കാരനാണ്. അതേസമയം മറുഭാഗത്ത് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ തൊഴിലില്ലാതെ അലയുന്നു. ജനങ്ങളുടെ ജീവൽ പ്രശ്‌നങ്ങളാണ് യാത്രയുടെ അടിസ്ഥാന ആശയം. ഇന്ത്യയെ വിഭജിക്കാനും വെറുപ്പും വിദ്വേഷവും പരത്താനും ആരെയും അനുവദിക്കില്ല.

പണം എന്നത് വെള്ളം പോലെയാണ്. വിവിധ രൂപങ്ങളിലേക്ക് മാറുമെങ്കിലും അത് ഇല്ലാതാകുന്നില്ല. അതുപോലെ ഒരാളുടെ പോക്കറ്റിൽ നിന്ന് പോകുന്ന പണം മറ്റൊരാളുടെ പോക്കറ്റിലേക്കെത്തുകയാണ്, അത് ഇല്ലാതാവുന്നില്ല. ഇന്ധനവിലവര്‍ധന, അവശ്യസാധനങ്ങളുടെ വിലക്കയറ്റം തുടങ്ങിയവയിലൂടെ എല്ലാം പണം എത്തുന്നതും ചിലരുടെ കൈകളിലേക്കാണ്.

വ്യാപാരികളുടെ മേൽ നടത്തിയ സാമ്പത്തിക ആക്രമണം ആയിരുന്നു മോദി സർക്കാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ നോട്ട് നിരോധനം. പണത്തിന്‍റെ വിനിയോഗം ഏതാനും ദിവസങ്ങളെങ്കിലും തടസപ്പെട്ടാൽ ഇടത്തരം സംരഭകർ ഇല്ലാതാകുമെന്നത്  പ്രധാനമന്ത്രിക്ക് കൃത്യമായി അറിയാം. നോട്ട് നിരോധനത്തിലൂടെ ലക്ഷക്കണക്കിന് പേർക്കാണ് തൊഴിൽ നഷ്ടമാക്കിയത്. പിന്നാലെ കൊണ്ടുവന്ന ജിഎസ്ടിയും ഇടത്തരം സംരംഭകരുടെ നട്ടെല്ലൊടിക്കാനായിരുന്നു. മോദി സർക്കാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായിരുന്നു ഇതെല്ലാം. മോദി സർക്കാരിന്‍റെ വികലമായ നയങ്ങൾ ഇപ്പോഴും ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെ നശിപ്പിക്കുകയാണ്. വൻകിട വ്യവസായികൾക്ക് പാതയൊരുക്കാന്‍ ഇടത്തരക്കാരെ തുടച്ചുനീക്കാനായി മോദി സർക്കാർ ആസൂത്രണം ചെയ്തതാണ് നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കലും എല്ലാം. വൻകിടക്കാർക്ക് വേണ്ടി നിലകൊള്ളുന്നതുകൊണ്ട് മോദി സർക്കാരിന് സാമ്പത്തിക നേട്ടമുണ്ട്. ചെറുകിട വ്യവസായികളെ സഹായിച്ചാല്‍ ഇതു ലഭിക്കില്ല. ഇതിനുതന്നെയാണ് കൊവിഡ് കാലത്തും നാം സാക്ഷ്യം വഹിച്ചത്. ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടമായി. ടൂറിസം, റബർ, കയർ മേഖലയിലെല്ലാം നഷ്ടമുണ്ടായി. കൊവിഡിന്‍റെ പേരിൽ രാത്രിക്ക് രാത്രി ലോക്ക്ഡൗൺ അടിച്ചേൽപ്പിച്ചപ്പോൾ സാധാരണക്കാർക്ക് ഒരു രൂപയുടെ സഹായം പോലും മോദി സർക്കാർ നൽകിയില്ല. വൻകിടക്കാർക്ക് ആവശ്യത്തിന് സഹായം ലഭ്യമാക്കി. ജീവിക്കാൻ വേണ്ടി ലോൺ എടുത്ത് തിരിച്ചടവ് മുടങ്ങിയാൽ സാധാരണക്കാരനെ കുറ്റവാളിയായി മുദ്രകുത്തുന്നു. ജപ്തി നടപടികളിലേക്ക് നീങ്ങുന്നു. കേരളത്തിലും ഇത്തരം സംഭവങ്ങള്‍ ദിനംതോറും നാം കാണുന്നു. അതേസമയം വൻകിടക്കാർ ലോണെടുത്ത സഹസ്ര കോടികൾ തിരിച്ചടച്ചില്ലെങ്കിൽ ഒരു കുഴപ്പവുമില്ല. കിട്ടാക്കടം എന്ന ഓമനപ്പേരിട്ട് അത് എഴുതിത്തള്ളുന്നു. ഇത്തരം വിവേചനങ്ങളെല്ലാം അവസാനിപ്പിക്കാനും രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കാനും വേണ്ടിയാണ് ഭാരത് ജോഡോ യാത്ര. യാത്രയിൽ അണിചേർന്ന എല്ലാവർക്കും ഒരിക്കല്‍കൂടി നന്ദി അറിയിക്കുന്നു.