
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന മോദി സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ശക്തമായ വിമര്‍ശനം ഉന്നയിച്ചു. പാവപ്പെട്ട ഗ്രാമീണ ജനതയ്ക്കും, കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന മാറ്റങ്ങളെന്ന് സോണിയ ഗാന്ധി ആരോപിച്ചു.
ആലോചനകളോ പ്രതിപക്ഷവുമായി ചര്‍ച്ചകളോ ഇല്ലാതെ തൊഴിലുറപ്പ് പദ്ധതിയുടെ ഘടന മാറ്റുകയും, മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുകയും ചെയ്തതിലൂടെ നിയമത്തിന്റെ ആത്മാവിനെയാണ് സര്‍ക്കാര്‍ ആക്രമിച്ചതെന്ന് സോണിയ ഗാന്ധി പറഞ്ഞു. തൊഴില്‍ ലഭ്യതയും പദ്ധതികളുടെ നടപ്പാക്കലും ഡല്‍ഹിയില്‍ നിന്ന് നിയന്ത്രിക്കുന്ന സമീപനം ഗ്രാമപഞ്ചായത്തുകളുടെ അധികാരം കെടുത്തുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. യുപിഎ സര്‍ക്കാര്‍ കാലത്ത്, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ പാസാക്കിയ തൊഴിലുറപ്പ് പദ്ധതി കോടിക്കണക്കിന് ഗ്രാമീണ കുടുംബങ്ങള്‍ക്ക് തൊഴില്‍ അവകാശം ഉറപ്പാക്കിയ ചരിത്രനിയമമാണെന്നും, ഗ്രാമസ്വരാജ്യത്തെ കുറിച്ചുള്ള മഹാത്മാ ഗാന്ധിയുടെ കാഴ്ചപ്പാട് ശക്തിപ്പെടുത്തിയതാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ 11 വര്‍ഷമായി നരേന്ദ്ര മോഡി സര്‍ക്കാര്‍ ഗ്രാമീണ പാവങ്ങളുടെ താല്‍പര്യങ്ങള്‍ അവഗണിച്ചുവെന്നും, കോവിഡ് കാലത്ത് പോലും തൊഴിലുറപ്പ് പദ്ധതി പാവങ്ങള്‍ക്ക് ജീവന്‍രക്ഷയായിരുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കാന്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് ശക്തമായ പോരാട്ടം തുടരുമെന്നും സോണിയ ഗാന്ധി ഡല്‍ഹിയില്‍ പറഞ്ഞു.