‘കേന്ദ്രം കർഷകനിയമങ്ങള്‍ നടപ്പിലാക്കിയതുപോലെ പിന്‍വലിച്ചതും ജനാധിപത്യ വിരുദ്ധമായി’: സോണിയാ ഗാന്ധി

ന്യൂഡല്‍ഹി : കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തെ ജനങ്ങളുടെ കഷ്ടത കാണാന്‍ കേന്ദ്രം തയാറാകുന്നില്ല. കേന്ദ്ര സർക്കാർ അനാവശ്യമായ ഏർപ്പെടുത്തിയ കൃഷി നിയമങ്ങള്‍ കാരണം ജീവന്‍ ബലികൊടുക്കേണ്ടി വന്നത് നിരവധി കർഷകർക്കാണ്. കാർഷിക നിയമങ്ങള്‍ പിന്‍വലിച്ചത് ജനാധിപത്യ രീതിയില്‍ അല്ലെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.

വിലക്കയറ്റം നേരിടാന്‍ സർക്കാർ നടപടിയെടുക്കുന്നില്ല. വിലക്കയറ്റം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിട്ടും കേന്ദ്രം അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. നാഗാലാന്‍ഡിലെ കൂട്ടക്കുരുതിയില്‍ സോണിയാ ഗാന്ധി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സര്‍ക്കാർ മാപ്പ് പറഞ്ഞതുകൊണ്ടുമാത്രം കാര്യമില്ല. നീതി ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണം. ഇത്തരം നിഷ്ഠൂരമായ  സംഭവങ്ങള്‍ ഇനി ആവർത്തിക്കപ്പെടാന്‍ പാടില്ലെന്നും സോണിയാ ഗാന്ധി പറഞ്ഞു.

കർഷകരോടും സാധാരണ ജനങ്ങളോടും കേന്ദ്ര സർക്കാരിന് അവഗണനയാണെന്നും വിലക്കയറ്റത്തിലക്കം കേന്ദ്രം മൗനം തുടരുകയാണ്. അതിർത്തി വിഷയങ്ങളിൽ പാർലമെന്‍റിൽ വിശദമായ ചർച്ച വേണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യസഭാ എംപിമാരുടെ സസ്‌പെൻഷന്‍ അംഗീകരിക്കാനാവുന്നതല്ല.   എംപിമാർക്ക് ഐക്യദാർഢ്യമെന്നും കോൺഗ്രസ് പാർലമെന്‍ററി പാർട്ടി മീറ്റിംഗിൽ സോണിയാ ഗാന്ധി വ്യക്തമാക്കി.

Comments (0)
Add Comment