സമരച്ചൂടില്‍ അടിമുടി പൊള്ളി മോദി സര്‍ക്കാര്‍; തെരഞ്ഞെടുപ്പ് തിരിച്ചടി ഉറപ്പായപ്പോള്‍ ഭയന്ന് പിന്മാറ്റം

Jaihind Webdesk
Friday, November 19, 2021

 

ന്യൂഡല്‍ഹി   : 2014 ൽ അധികാരത്തിലേറിയ ശേഷം ആദ്യമായാണ് പ്രധാനപ്പെട്ട തീരുമാനത്തിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിൻവാങ്ങേണ്ടി വരുന്നത്. പഞ്ചാബ്, ഉത്തർപ്രദേശ് അടക്കം വരാനിരിക്കുന്ന നിയമ ഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി സാധ്യത തിരിച്ചറിഞ്ഞാണ് നിർണായക തീരുമാനം കൈക്കൊള്ളാന്‍ കേന്ദസര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

2019 ന് ശേഷം രാജ്യതലസ്ഥാനമായ ഡൽഹിയിൽ അരങ്ങേറിയത് ദേശീയ ശ്രദ്ധനേടിയ സമര പരമ്പരകളായിരുന്നു. ജെ.എൻ.യു വിദ്യാർത്ഥികളുടെ പ്രതിഷേധം, പൗരത്വ നിയമ ഭേദഗതിക്കെതിരായ ഷഹീൻ ബാഗിലെ സമരം, കശ്മീരിന്‍റെ പ്രത്യേക പദവി നീക്കിയതിനെതിരായ വിമർശനങ്ങൾ, മുത്തലാഖ് നിരോധനത്തിനെതിരെ ഒരു വിഭാഗം ഉന്നയിച്ച ആരോപണങ്ങൾ… ഈ സമര പരമ്പരകളൊന്നും മോദി – അമിത് ഷാ തീരുമാനങ്ങളിൽ ഒരു ചലനവും സൃഷ്ടിച്ചില്ല. എന്നാൽ കാർഷിക നിയമത്തിനെതിരായ സമരത്തിന് മുന്നിൽ ഇരുവർക്കും മാറി ചിന്തിക്കേണ്ടി വന്നു.

രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ് ഇതിൽ നിർണായകമായി മാറുകയായിരുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നേട്ടമമുണ്ടായെങ്കിലും കർഷ സ്വാധീന മേഖലകളിലും ബിജെപിക്ക് കൈ പൊള്ളി. നാല് മാസത്തിനുള്ളിൽ പഞ്ചാബിൽ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിലം തൊടില്ലെന്ന് നേതൃത്വത്തിന് വ്യക്തമായി.

ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിയർക്കേണ്ടി വരുമെന്നും ഉറപ്പായി. രാമക്ഷേത്ര നിർമ്മാണത്തിലടക്കമുണ്ടായേക്കാവുന്ന തടസം 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രത്ഫലിക്കുമെന്ന് വ്യക്തമായതോടെയാണ് കർഷകരെ ഇനിയും പിണക്കി മുന്നോട്ട് പോകേണ്ടതില്ലെന്ന് പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും തീരുമാനിച്ചത്.