റായ്ബറേലി/ ഉത്തർപ്രദേശ്: രാജ്യത്തെ മുഴുവന്‍ സമ്പത്തും നാലോ അഞ്ചോ സമ്പന്നര്‍ക്കായി തീറെഴുതി നല്‍കിയ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് പ്രിയങ്കാ ഗാന്ധി. ഇന്ന് രാജ്യത്തെ കല്‍ക്കരി, വൈദ്യുതി, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയെല്ലാം പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ കൈകളിലാണെന്നും പ്രയങ്കാ ആരോപിച്ചു. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയ്ക്കായി വോട്ടഭ്യര്‍ത്ഥിച്ച് സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.
സ്വകാര്യവല്‍ക്കരണം എന്ന നയത്തില്‍ തെറ്റില്ല. എന്നാല്‍ അതിന്‍റെ മറവില്‍ രാജ്യത്തെ ശതകോടീശ്വരന്‍മാര്‍ക്കായി ഇന്ത്യയുടെ സമ്പത്ത് വീതിച്ചു നല്‍കുകയാണ് മോദി ചെയ്തതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി നരേന്ദ്ര മോദി വാരണാസിയില്‍ നിന്നുള്ള എംപിയാണ്. എന്നാല്‍ അദ്ദേഹം അവിടെ ഒരു ഗ്രാമവും സന്ദര്‍ശിക്കുകയോ അവിടത്തെ അവസ്ഥ എങ്ങനെയെന്ന് ഒരു കര്‍ഷകനോട് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രിയങ്കാ ആരോപിച്ചു.
കല്‍ക്കരി, വൈദ്യുതി, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയെല്ലാം പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ കൈകളിലാണ്. മുന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. എന്നാല്‍ നരേന്ദ്രമോദി വലിയ പരിപാടികള്‍ സംഘടിപ്പിക്കുന്നു. അവിടെ വന്‍കിട മുതലാളിമാരെ കാണും. ഒരു ദരിദ്രനെ പോലും കണ്ടെത്താനാവില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.