Donald Trump| ‘മോദി ഉറപ്പ് നല്‍കി’; റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് ട്രംപ്

Jaihind News Bureau
Thursday, October 16, 2025

വാഷിങ്ടണ്‍ ഡിസി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയെ ഒറ്റപ്പെടുത്താനുള്ള നയതന്ത്ര നീക്കങ്ങളിലെ ‘വലിയൊരു ചുവടുവയ്പാണിത്’ എന്നും ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ എനിക്ക് സന്തോഷമുണ്ടായിരുന്നില്ല, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവര്‍ നിര്‍ത്തുമെന്ന് മോദി ഇന്ന് എനിക്ക് ഉറപ്പ് നല്‍കി,’ ട്രംപ് പറഞ്ഞു. ഇത് ഉടന്‍ സാധ്യമാകില്ലെന്നും, ‘ചെറിയൊരു നടപടിക്രമം’ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിഷയത്തില്‍ ഇന്ത്യയുടെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

റഷ്യ ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം, ഇന്ത്യ വന്‍തോതില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി വര്‍ദ്ധിപ്പിച്ചിരുന്നു. കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കുന്നത് രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, റഷ്യ ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരാണ്. വിലക്കുറവ് നിലനില്‍ക്കുന്നതിനാല്‍, വരും മാസങ്ങളിലും റഷ്യന്‍ എണ്ണ ഇറക്കുമതി തുടരാനാണ് ഇന്ത്യന്‍ റിഫൈനറികളുടെ നീക്കം.
റഷ്യന്‍ എണ്ണ പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നത് ഇന്ത്യയുടെ വിദേശ-ഊര്‍ജ്ജ നയത്തില്‍ പെട്ടെന്നുണ്ടാകുന്ന വലിയൊരു മാറ്റമായിരിക്കും. അത്തരമൊരു തീരുമാനം ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്യേണ്ടതുണ്ട്. റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് ഭരണകൂടം അടുത്തിടെ അധിക തീരുവ ചുമത്തിയിരുന്നു. ഈ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ അവകാശവാദമെന്നും വിലയിരുത്തപ്പെടുന്നു.