നാട്ടില്‍ നിന്നാലെ കാര്യംനടക്കൂ; മോദി വിദേശ യാത്രകള്‍ ഒഴിവാക്കുന്നു; രാഹുല്‍ഗാന്ധിയുടെ മുന്നേറ്റത്തില്‍ ആശങ്കയോടെ ബി.ജെ.പി

Jaihind Webdesk
Wednesday, December 26, 2018

ന്യൂദല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് മനസ്സിലാക്കിയ ബി.ജെ.പിയും മോദിയും പ്രചാരണ രീതികള്‍ തേടുന്നു. അടുത്തമാസം മുതല്‍ നാലുമാസത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകള്‍ ഒഴിവാക്കും. ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് തീരുമാനം. പ്രചാരണത്തില്‍ പ്രാദേശിക വിഷയങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം നല്‍കുക.

വരുന്ന മാസങ്ങളില്‍ മോദി പങ്കെടുക്കേണ്ടതായ പ്രധാനപ്പെട്ട ഉച്ചകോടികളും കൂടിക്കാഴ്ചകളും ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2014ല്‍ അധികാരത്തിലെത്തിയ ശേഷം 48 വിദേശയാത്രകള്‍ നടത്തിയ പ്രധാനമന്ത്രി, കഴിഞ്ഞ വര്‍ഷം മാത്രം പതിനാല് യാത്രകള്‍ നടത്തി. 2000 കോടിരൂപയും കടന്നാണ് മോദിയുടെ വിദേശയാത്ര ചിലവുകള്‍.

മോദിയെത്തന്നെ മുഖ്യ പ്രചാരകനായി വരുന്ന തെരഞ്ഞെടുപ്പും നേരിടാനാണ് ബിജെപി പദ്ധതി. 2014ലേത് പോലെയല്ല രാജ്യത്തിന്റെ സ്ഥിതിയെന്നും 2019ലെ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്നും ബിജെപി കണക്കുകൂട്ടുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിച്ച അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപി കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും തൊഴിലില്ലായ്മയുമാണ് അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തിരിച്ചടിയായത് എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരത്തിലേറിയ ഉടന്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയ നടപടി കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കിയെന്നും വിലയിരുത്തലുണ്ട്. രാജസ്ഥാനില്‍ മോദി നടത്തിയ പ്രചാരണമാണ് നാണംകെട്ട തോല്‍വിയില്‍ നിന്ന് ബിജെപിയെ രക്ഷിച്ചതെന്ന് പാര്‍ട്ടി നിരീക്ഷിക്കുന്നു. ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒസഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഇതും ബിജെപി പ്രധാന പ്രശ്നമായി കണക്കാക്കുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് ഇനി വിദേശ യാത്രകള്‍ നടത്തുന്നത് ഉചിതമായിരിക്കില്ല എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.