‘മോദിയും പിണറായിയും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങള്‍, നടത്തുന്നത് അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയം’: ഡി.കെ. ശിവകുമാർ

Monday, April 8, 2024

 

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. അഡ്ജസ്റ്റ്‌മെന്‍റ് രാഷ്ട്രീയമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരന്‍റെ ഒല്ലൂരിലെ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായിയെ തൊടാന്‍ ഇഡിയും കേന്ദ്ര ഏജന്‍സികളും തയാറാവുന്നില്ല. കേരളത്തില്‍ ഭരണം നടത്തുന്നത് ഇടതു സര്‍ക്കാറാണെന്ന് അവകാശപ്പെടുന്നു. എന്നാല്‍ കര്‍ണാടകത്തില്‍ ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമാണ്. എന്‍ഡിഎയുടെ ഭാഗമായ വൈദ്യുതി മന്ത്രിയെ എന്തുകൊണ്ട് പുറത്താക്കുന്നില്ല. ഇത് എല്‍ഡിഎഫ് മന്ത്രി സഭയോ എന്‍ഡിഎ മന്ത്രിസഭയോ എന്ന് വ്യക്തമാക്കാന്‍ പിണറായി വിജയന്‍ തയാറാവണമെന്ന് ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനൊപ്പം നിന്നാലേ ഈ രാജ്യം രക്ഷപ്പെടൂ എന്ന് തിരിച്ചറിഞ്ഞവരാണ് കേരളത്തിലെ ജനങ്ങള്‍. ശരിയും തെറ്റും തിരിച്ചറിഞ്ഞിട്ടുള്ളവരാണ് കേരളത്തിലെ ജനങ്ങള്‍. നരേന്ദ്ര മോദിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചുകൊണ്ട് രാജ്യത്തുടനീളം ഫാസിസ്റ്റ് വിരുദ്ധ നീക്കങ്ങളുമായി രാഹുല്‍ ഗാന്ധി നീങ്ങുമ്പോള്‍ ഏറ്റവും കരുത്തായി നിന്നത് ഈ കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

കെ. മുരളീധരന്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥി ആയതുകൊണ്ടാണ് പ്രധാനമന്ത്രിക്കുപോലും അടിക്കടി കേരളത്തില്‍ വരേണ്ടിവരുന്നത്. ദേശീയ തലത്തില്‍ എന്‍ഡിഎ സഖ്യം തകര്‍ച്ചയുടെ വക്കിലാണ്. അതുകൊണ്ടാണ് വിവിധ സംസ്ഥാനങ്ങളില്‍ പ്രദേശിക കൂട്ടുകെട്ടുണ്ടാക്കുന്നത്. തോല്‍ക്കാനുള്ള സാഹചര്യം ഉള്ളതുകൊണ്ടാണ് കച്ചിത്തുരുമ്പ് തേടി പ്രാദേശിക പാര്‍ട്ടികളുമായി കൂട്ടുകൂടുന്നത്. ഭയപ്പാടില്‍ നിന്നാണ് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നത്. പ്രതിപക്ഷ നേതാക്കളെ ഓരോരുത്തരെയായി വേട്ടയാടുകയാണ്. അതിന്‍റെ അവസാനത്തെ ചിത്രമാണ് അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റ്. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ മാത്രമാണ് ഇതൊന്നും ബാധിക്കാത്തത് അത് കേരളത്തിലെ മുഖ്യമന്ത്രിയാണെന്നം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി.എന്‍. പ്രതാപന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂര്‍ സ്വാഗതം പറഞ്ഞു. കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി. ബല്‍റാം, ഒ. അബ്ദുറഹ്‌മാന്‍കുട്ടി, എം.പി. വിന്‍സന്‍റ്, തോമസ് ഉണ്ണിയാടന്‍, സുനില്‍ അന്തിക്കാട്, സി.വി. കുര്യാക്കോസ്, എ. പ്രസാദ്, സുനില്‍ ലാലൂര്‍, കെ.എ. ഹാറൂണ്‍റഷീദ്,സുന്ദരന്‍ കുന്നത്തുള്ളി, പി.ടി. അജയ്‌മോഹനന്‍, ജെയ്ജു സൈബാസ്റ്റിയന്‍, സിജോ കടവില്‍, റിസണ്‍ വര്‍ഗീസ്, ഡേവിസ് ചക്കാലക്കല്‍ എന്നിവര്‍ സംബന്ധിച്ചു.