‘മോദിയും പിണറായിയും സ്വേച്ഛാധിപതികള്‍ ; ജനങ്ങളോടുള്ള വാഗ്ദാനങ്ങളെല്ലാം ലംഘിച്ചവർക്ക് ഭരിക്കാനുള്ള അവകാശം നഷ്ടമായി’ : മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video

Jaihind News Bureau
Sunday, March 1, 2020

Mullapaplly-Ramachandran

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും സ്വേച്ഛാധിപതികളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം ലംഘിച്ച മോദിക്കും പിണറായിക്കും ഭരിക്കാനുള്ള അവകാശം നഷ്ടമായി. മലപ്പുറത്ത് വീടുതോറും കയറി സി.പി.എം ദുഷ്പ്രചരണം നടത്തുകയാണെന്നും ന്യൂനപക്ഷം എന്നത് സി.പി.എമ്മിന് വോട്ടുബാങ്ക് മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനൽ നയിക്കുന്ന പദയാത്രയുടെ വാമനപുരത്തെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.

തീവ്രവർഗീയ ശക്തികളാണ് ഡൽഹിയിൽ അക്രമം അഴിച്ചുവിട്ട് ന്യൂനപക്ഷങ്ങളെ വേട്ടയാടിയതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം നഗ്നമായി ലംഘിച്ചുകൊണ്ടാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ മുന്നോട്ട് പോകുന്നത്. സ്വേച്ഛാധിപതികളായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഭരിക്കാനുള്ള അവകാശം നഷ്ടമായിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സി.പി.എമ്മിന് ഇരട്ടത്താപ്പ് സമീപനമാണുള്ളത്. ന്യൂനപക്ഷം എന്നത്  സി.പി.എമ്മിന് വോട്ട് ബാങ്ക് മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മലപ്പുറത്ത് വീടുകള്‍ തോറും കയറി സി.പി.എം ദുഷ്പ്രചരണം നടത്തുകയാണ്. സമരങ്ങളില്‍ സി.പി.എമ്മുമായി കൈകോര്‍ക്കാനില്ല. സി.പി.എമ്മും ബി.ജെ.പിയും കൃത്യമായ ധാരണയോടെയാണ് മുന്നോട്ടുപോകുന്നതെന്നും ന്യൂനപക്ഷത്തോടൊപ്പം നിൽക്കുന്ന പാർട്ടി കോൺഗ്രസ് മാത്രമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

രാജ്യത്തിന്‍റെ അന്തകനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സമാപന സമ്മേളനത്തില്‍ സംസാരിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. പാർലമെന്‍റിൽ പാസാക്കിയ ബില്ലുകൾ എല്ലാം ജനാധ്യപത്യ മതേതര ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനാ സ്ഥാപനങ്ങളും ജുഡീഷ്യറിയും പോലും ആർ.എസ്.എസിന്‍റെ പിടിയിലാണ്. രാജ്യത്തെ മതേതര രാഷ്ട്രമാക്കിയത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ നയിക്കുന്ന പദയാത്രയുടെ വാമനപുരത്തെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിൽ മോദി സർക്കാർ നടത്തുന്ന ജനദ്രോഹനയങ്ങളും സംസ്ഥാനത്ത് പിണറായി സർക്കാരിന്‍റെ അഴിമതിയും അക്രമ രാഷ്ട്രീയവും ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് പദയാത്ര തുടരുന്നത്. ബജറ്റിൽ തലസ്ഥാന ജില്ലയെ അവഗണിച്ചതും പദയാത്രയിലൂടെ ഉയർത്തിക്കാട്ടുന്നുണ്ട്. വലിയ ജനപങ്കാളിത്തമാണ് യാത്രയിലുടനീളം ലഭിക്കുന്നത്.  മാർച്ച് 3 ന് പള്ളിക്കലിൽ പര്യടനം പൂർത്തിയാക്കുന്നതോടെ 15 ദിവസം നീണ്ട പദയാത്രക്ക് സമാപനമാകും.