മുംബൈ: ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയോടുള്ള ഭയം ബിജെപിക്കും എന്‍ഡിഎ ഘടകകക്ഷികള്‍ക്കും വിട്ടുമാറുന്നില്ല. സംവരണവുമായി ബന്ധപ്പെട്ട് രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് രംഗത്തെത്തുകയാണ് ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എ സഞ്ജയ് ഗെയ്ക്വാദ്. രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്നാണ് സഞ്ജയ് ഗെയ്ക്വാദ് പറഞ്ഞത്. എന്നാല്‍, എം.എല്‍.എയുടെ പരാമര്‍ശത്തെ പിന്തുണക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു.
ചൊവ്വാഴ്ച വാഷിങ്ടണ്‍ ഡി.സിയിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളുമായും ഫാക്കല്‍റ്റി അംഗങ്ങളുമായും സംവദിക്കുമ്പോഴാണ് സംവരണത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി തുറന്ന അഭിപ്രായമറിയിച്ചത്. ഭരണഘടനയെ സംരക്ഷിക്കാന്‍ ഇന്ത്യാ സഖ്യം ആഗ്രഹിക്കുന്നുവെന്നും ജാതി സെന്‍സസ് നടത്തണമെന്നതില്‍ അതിലെ മിക്ക സഖ്യകക്ഷികളും യോജിക്കുന്നതായും അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വളച്ചൊടിക്കാനായിരുന്നു ബിജെപിയുടെ ശ്രമം.
സഞ്ജയ് ഗെയ്ക്വാദ് സമൂഹത്തിലും രാഷ്ട്രീയത്തിലും തുടരാന്‍ അര്‍ഹനല്ലെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഗെയ്ക്വാദിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തുമോയെന്ന് നമുക്ക് നോക്കാമെന്നുമായിരുന്നു മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ദെയുടെ പ്രതികരണം.
വിദര്‍ഭ മേഖലയിലെ ബുല്‍ധാന നിയമസഭാ സീറ്റില്‍ നിന്നുള്ള എം.എല്‍.എയാണ് ഗെയ്ക്വാദ്. കഴിഞ്ഞ മാസം ഇയാളുടെ കാര്‍ കഴുകുന്ന പോലീസുകാരന്റെ വിഡിയോ സമൂഹ മാധ്യമങ്ങളലില്‍ വൈറലായിരുന്നു. വാഹനത്തിനുള്ളില്‍ ഛര്‍ദിച്ചതിനെത്തുടര്‍ന്ന് പോലീസുകാരന്‍ സ്വമേധയാ വാഹനം വൃത്തിയാക്കുകയായിരുന്നുവെന്നായിരുന്നു ഗെയ്ക്വാദിന്റെ പിന്നീടുള്ള വിശദീകരണം.