മോക് പോളിങ് തുടങ്ങി ; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്രമീകരണങ്ങള്‍

Jaihind Webdesk
Tuesday, April 6, 2021

 

തിരുവനന്തപുരം : അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കുമെന്ന് ജനം ഇന്ന് തീരുമാനിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ സജ്ജീകരിച്ച 40,771 ബൂത്തുകളിലും മോക് പോളിങ് ആരംഭിച്ചു. 6.45ന് മോക് പോളിങ് നടപടികള്‍ അവസാനിക്കും. ഏഴുമണിക്ക് പോളിങ് ആരംഭിക്കും.

നിയമസഭയിലേക്കുള്ള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലായി സംസ്ഥാനത്തെ 2,74,46,039 വോട്ടര്‍മാര്‍ ഇന്ന് വിധി എഴുതും. കൊവിഡ് മാനദണ്ഡങ്ങളും ഹരിത ചട്ടവും പാലിച്ചാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ്.

കൊവിഡിനെത്തുടര്‍ന്ന് 40,771 പോളിങ് സ്റ്റേഷനുകളാണ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാര്‍ക്കുമാത്രമേ അനുമതി ഉണ്ടാകൂ. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്. അവസാനത്തെ ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ടു ചെയ്യാം. മാവോയിസ്റ്റ് ഭീഷണിയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ വൈകീട്ട് ആറു വരെയായിരിക്കും വോട്ടെടുപ്പ്.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണു ജനവിധി തേടുന്നത്. മൂന്നര ലക്ഷത്തോളം ജീവനക്കാരെയാണ് പോളിംഗ് സുഗമമാക്കാനായി നിയോഗിച്ചിട്ടുള്ളത്. സുരക്ഷക്കായി കേരള പോലീസും കേന്ദ്ര സേനയും രംഗത്തുണ്ട്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍