ഗെയിം കളിക്കുന്നതിനിടെ റെഡ്മി ഫോണ്‍ പൊട്ടിത്തെറിച്ചു: എട്ടുവയസുകാരിക്ക് ദാരുണാന്ത്യം; അന്വേഷണം

Jaihind Webdesk
Tuesday, April 25, 2023

 

തൃശൂർ: തിരുവില്വാമലയിൽ വീട്ടിനുള്ളിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടുവയസുകാരിക്ക് ദാരുണാന്ത്യം. മാരിയമ്മൻ കോവിലിനു സമീപം താമസിക്കുന്ന പട്ടിപ്പറമ്പ്‌ കുന്നത്തുവീട്ടിൽ അശോക്‌ കുമാറിന്‍റെ മകൾ ആദിത്യശ്രീയാണ്‌ മരിച്ചത്‌. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പറയുന്നു. സംഭവത്തിൽ പഴയന്നൂർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. റെഡ്മി 5 പ്രോ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി. ഫോൺ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാൽ അപകടത്തിന്‍റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്‍റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറൻസിക് സംഘം പ്രാഥമിക നിഗമനം പോലീസിനെ അറിയിച്ചു. സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിച്ച ഫോണിൽ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചു. അപകടസമയത്ത് മകളും മുത്തശിയുമാണ് വീട്ടിലുണ്ടായിരുന്നത്. പുതപ്പിനടിയിൽ കിടന്ന് ഗെയിം കളിക്കുകയായിരുന്നു കുട്ടിയെന്നാണ് മുത്തശി പോലീസിനോട് പറഞ്ഞത്. ഗുളികയെടുക്കാൻ താൻ പുറത്തുപോയി. വലിയ പൊട്ടിത്തെറി കേട്ടാണ് തിരിച്ചെത്തിയതെന്നും ഈ സമയത്ത് മകൾ ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും അവർ പറഞ്ഞു. അയൽവാസികളും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നു. മൂന്നു വർഷം മുമ്പ് വാങ്ങിയ സെക്കൻഡ് ഹാൻഡ് ഫോണാണ് പൊട്ടിത്തെറിട്ടച്ചത്.

തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആദിത്യ ശ്രീ.  സംഭവത്തില്‍ പഴയന്നൂർ പോലീസും അന്വേഷണം ആരംഭിച്ചു. മരിച്ച ആദിത്യ ശ്രീയുടെ പിതാവ് അശോക് കുമാർ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. അമ്മ സൗമ്യ തിരുവില്വാമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടറാണ്. ഇവരുടെ ഏക മകളാണ് ആദിത്യ ശ്രീ. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.