‘സിപിഎമ്മിനെ ഇതുപോലെ ദ്രോഹിച്ച മറ്റൊരു നേതാവില്ല, മരിച്ചപ്പോള്‍ പുണ്യാളനെന്നൊന്നും പറഞ്ഞാല്‍ അംഗീകരിക്കില്ല’; പി.ടി തോമസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി എംഎം മണി

Jaihind Webdesk
Thursday, January 6, 2022

ഇടുക്കി : അന്തരിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും എംഎല്‍എയുമായിരുന്ന പി.ടി തോമസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി  എം.എം മണി എംഎല്‍എ. സിപിഎമ്മിനെ ഇതുപോലെ ദ്രോഹിച്ച മറ്റൊരു കോണ്‍ഗ്രസ് നേതാവില്ലെന്നും മരിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഒരു മര്യാദ മാത്രമാണെന്നും എംഎം മണി പറഞ്ഞു.

“പി.ടി തോമസ് മരിച്ചു. മരിക്കുമ്പോള്‍ ആരും ഖേദം പ്രകടിപ്പിക്കും. അക്കാര്യത്തില്‍ തര്‍ക്കമില്ല. മരിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഒരു മര്യാദ മാത്രമാണ്. മരിച്ച്‌ കിടന്നാലും ഞങ്ങള്‍ക്ക് പറയാനുള്ളത് പറയും. ആരോടും പറയും. മരിച്ചപ്പോള്‍ പുണ്യാളനാണെന്നൊന്നും പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കില്ല. പൊതുപ്രവര്‍ത്തകനാകുമ്പോള്‍ മരിച്ചാലും ജീവിച്ചിരിക്കുമ്പോള്‍ ചെയ്യുന്ന ദ്രോഹം അനിവാര്യമായി ചര്‍ച്ച ചെയ്യും’ – എം.എം മണി പറഞ്ഞു. ഇടുക്കി ജില്ലാ സമ്മേളനത്തിന്‍റെ സമാപന ചടങ്ങിലായിരുന്നു എം.എം മണിയുടെ അധിക്ഷേപ പരാമര്‍ശം.

നേരത്തെ ഇടത് സൈബര്‍ പ്രൊഫൈലുകളിലൂടെയും പി.ടി തോമസിനെതിരെ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. രാഷ്ട്രീയ മര്യാദകളുടെ സകല അതിരുകളും ലംഘിച്ച്  പരേതനെതിരെ പോലും നടത്തിയ അധിക്ഷേപങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.