‘കൊണ കൊണാന്ന് ചോദിക്കരുത്, ഞാൻ വല്ലതുമൊക്കെ പറയും’ ; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി എംഎം മണി

Jaihind Webdesk
Friday, April 2, 2021

 

തിരുവനന്തപുരം : അദാനിയും വൈദ്യുതി ബോർഡുമായുള്ള 8850 കോടിയുടെ കരാറുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ മാധ്യമപ്രവർത്തകരോട് കയർത്ത് മന്ത്രി എംഎം മണി. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ‘കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്. ഞാൻ പറയുന്നത് കേൾക്ക്. എന്നിട്ട് അതുകൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്ക്. അല്ലേൽ പൊയ്ക്കോ. എനിക്ക് നിങ്ങളെ കാണാൻ സൗകര്യമില്ല. എന്നോട് അതുമിതുമൊക്കെ ചോദിച്ചാൽ ഞാൻ വല്ലതുമൊക്കെ പറയും. അറിയാമല്ലോ..’ എന്നായിരുന്നു ക്ഷുഭിതനായി എംഎം മണിയുടെ പ്രതികരണം.

അദാനിയും വൈദ്യുതി ബോർഡുമായുള്ള 8850 കോടിയുടെ കരാറിന്‍റെ വിശദാംശങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. 25 വർഷത്തേക്കാണ് കരാർ. ഒരു യൂണിറ്റ് വൈദ്യുതി ഒരു രൂപ നിരക്കിൽ കിട്ടുമെന്നിരിക്കെയാണ് 2.82 പൈസ നിരക്കിൽ അദാനിയുമായി കരാറെഴുതിയിരിക്കുന്നത്. 1000 കോടിയുടെ ലാഭം അദാനിക്ക് നേടിക്കൊടുക്കുന്നതാണ് കരാർ.

അദാനിക്ക് കുത്തകയുള്ള കാറ്റിൽ നിന്നുള്ള വൈദ്യുതി തെരഞ്ഞെടുക്കുക വഴി ആയിരം കോടി രൂപയുടെ ലാഭമാണ് ഇടതു സർക്കാർ അദാനിക്ക് നൽകുന്നത്. കുറഞ്ഞ വിലയ്ക്ക് പാരമ്പര്യേതര ഊർജം ലഭിക്കുമായിരുന്നിട്ടും ഇത്തരം ഒരു കരാറിൽ ഒപ്പിട്ടതിനു പിന്നിൽ വൻ അഴിമതിയുണ്ടെന്നും കരാർ റദ്ദാക്കണമെന്നും രമേശ് ചെന്നിത്തല സർക്കാരിനോട് ആവശ്യപ്പെട്ടു.