വനിതാ മതില് പണിയുന്നവരുടെ തനിനിറം പുറത്തായി; വിജിയെ അധിക്ഷേപിച്ച മന്ത്രി എം.എം. മണി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, December 19, 2018

സനലിന്റെ  വിധവ വിജിയെ അധിക്ഷേപിച്ച മന്ത്രി എം എം മണി കേരളീയ സമൂഹത്തോട് മാപ്പ് പറയണം: രമേശ് ചെന്നിത്തല. 

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍   ഡി വൈ എസ് പി വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊന്ന സനലിന്റെ  വിധവ  വിജിയെ  മന്ത്രി എം എം മണി അധിക്ഷേപിച്ചതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തിയായി പ്രതിഷേധിച്ചു.  സ്ത്രീത്വത്തെ സംരക്ഷിക്കാന്‍ വേണ്ടി മതിലു പണിയുന്നവരുടെ തനി നിറമാണ് മന്ത്രി എം എം മണിയുടെ അധിക്ഷേപത്തിലൂടെ  പുറത്ത് വന്നിരിക്കുന്നത്.   വിജിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഡി ജി പിയടക്കം പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് വിജി അവരുടെ   പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമായി സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരത്തിന്  തെയ്യാറായത്.  സനല്‍ കൊല്ലപ്പെട്ടതിനെ  തുടര്‍ന്ന്   വിജിയുടെ വീട്ടിലെത്തിയ  ഇടതു സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ സര്‍ക്കാരിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തതുമാണ്. ആ വാഗ്ദാനം പാലിക്കപ്പെട്ടില്ല.   ജോലിയും,  നഷ്ടപരിഹാരവും നല്‍കണമെന്ന വിജിയുടെ ആവശ്യം ഇതുവരെ മന്ത്രി സഭാ യോഗം പരിഗണിച്ചിട്ടില്ല.ഒരു പൊലീസ് ഉദ്യേഗസ്ഥന്റെ അതിക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സ്ത്രീയോടും കുംടുബത്തോടും   ഉള്ള ബാധ്യതയില്‍ നിന്ന് സര്‍ക്കാരിന് ഒളിച്ചോടാന്‍ കഴിയില്ല.  കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം കൊടുത്തെങ്കിലും ഫലമുണ്ടായില്ല. അപ്പോഴാണ്   ആരോട് ചോദിച്ചിട്ടാണ് സമരത്തിന് ഇരിക്കുന്നതെന്നും,  ഒരു മാസം കൊണ്ട്  ആര്‍ക്കും ജോലി എടുത്ത് വിച്ചിട്ടില്ലന്നും പറഞ്ഞ്  മന്ത്രി എം എം മണി   വിജിക്ക്  നേരെ  അധിക്ഷേപം ചൊരിഞ്ഞത്.    ജീവിതത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട ഒരു വിധവയെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത  മന്ത്രി എം  എം മണി  അവരോടും കേരളീയ സമൂഹത്തോടും മാപ്പു പറയണമെന്ന്  രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.