‘അവരങ്ങ് ഡല്‍ഹിയിലല്ലേ ഒണ്ടാക്കുന്നത്, നമുക്കത് വിഷയമല്ല’; ആനി രാജയെയും അധിക്ഷേപിച്ച് എംഎം മണി

Jaihind Webdesk
Saturday, July 16, 2022

ഇടുക്കി: സിപിഐ നേതാവ് ആനി രാജയെ അധിക്ഷേപിക്കുന്ന പരമാർശവുമായി എം.എം മണി എംഎല്‍എ. വടകര എംഎല്‍എ കെ.കെ രമയെ അധിക്ഷേപിച്ചുള്ള മണിയുടെ പരാമർശം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയതിനാണ് ആനി രാജക്കെതിരെയും മണി രംഗത്തെത്തിയത്.

രമക്കെതിരായ മണിയുടെ അധിക്ഷേപത്തെ സിപിഐ നേതാവ് വിമർശിച്ചിട്ടുണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മണിയുടെ പ്രതികരണം ഇങ്ങനെ.

“സിപിഐയുടെ ഏത് നേതാവ്? ആനി രാജയോ? അവരങ്ങ് ഡല്‍ഹിയിലല്ലേ ഒണ്ടാക്കുന്നത്. കേരളത്തിലെ കാര്യം അവര്‍ക്കെങ്ങനെ അറിയാന്‍ പറ്റും. അതൊന്നും കാര്യമാക്കുന്നില്ല. അവരങ്ങനെ പറഞ്ഞാലും അതിനെ കണക്കാക്കുന്നില്ല” – മാധ്യമങ്ങളോട് എം.എം മണി പ്രതികരിച്ചു.

വാദങ്ങളിൽ ജയിക്കാൻ ഒരു സ്ത്രീയുടെ ദുരന്തത്തെ ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്നായിരുന്നു ആനി രാജ നേരത്തെ പറഞ്ഞത്. കമ്യൂണിസ്റ്റ്കാരൻ എന്ന നിലയിൽ യോജിക്കാത്തതാണ് ആ പരാമര്‍ശമെന്നും ആനി രാജ പറഞ്ഞിരുന്നു. കാലം മാറിയിരിക്കുന്നു. ഭാഷയിലും കാലാനുസൃതമായ മാറ്റം ഉണ്ടാകേണ്ടതാണ് എന്ന് നേതാക്കൾ തിരിച്ചറിയണം. ഇത്തരം പ്രയോഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയ്ക്കും അതിന്‍റെ മുന്നേറ്റത്തിനും കരിനിഴൽ വീഴ്ത്തുന്നതാണെന്നും ആനി രാജ പറഞ്ഞു. ഈ പരാമർശത്തിനാണ് എംഎം മണി ആനി രാജയെയും അധിക്ഷേപിച്ച് രംഗത്തെത്തിയത്.