യു.എ.ഇയിലെ കോണ്‍ഗ്രസ് അനുഭാവ സംഘടനയായ ഇന്‍കാസിന്റെ യു.എ.ഇ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന, അന്തരിച്ച അന്‍സാരി പള്ളിക്കലിന്റെ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്ത ശേഷം, കെപിസിസി മുന്‍ പ്രസിഡണ്ട് എം എം ഹസ്സന്, മുന്‍ എം എല്‍ എ വര്‍ക്കല കഹാര്‍ എന്നിവര്‍ അന്‍സാരിയുടെ ഉമ്മയെ ആശ്വസിപ്പിക്കുന്നു.
പള്ളിക്കല്‍ ( കൊല്ലം ) : യു.എ.ഇയിലെ കോണ്‍ഗ്രസ് അനുഭാവ സംഘടനയായ ഇന്‍കാസിന്റെ യു.എ.ഇ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന, അന്തരിച്ച അന്‍സാരി പള്ളിക്കലിന്റെ (66) ഖബറടക്ക ചടങ്ങുകള്‍ പൂര്‍ത്തിയായി. പള്ളിക്കല്‍ മസ്ജിദിലാണ് ഖബറടക്കടം നടന്നത്.
കെപിസിസി മുന്‍ പ്രസിഡണ്ട് എം എം ഹസ്സന്, കൊല്ലം ലോകസഭാംഗം എന്‍ കെ പ്രേമചന്ദ്രന് എം പി, മുന്‍ എം പി എന്‍ പീതാംബരക്കുറുപ്പ്, മുന്‍ എം എല്‍ എ വര്‍ക്കല കഹാര്‍ എന്നിവര്‍ ഖബറടക്ക ചടങ്ങില്‍ സംബന്ധിച്ചു. ഇന്‍കാസ് യുഎഇ പ്രസിഡണ്ട് മഹാദേവന് വാഴശേരിയില്‍, അബുദാബി മലയാളി സമാജം പ്രസിഡണ്ട് ഷിബു വര്‍ഗീസ്, ഇടവ സെയ്ഫ്, പള്ളിക്കല്‍ സുജാഹി, ടി എ നാസര്‍, നാസര്‍ കാരയ്ക്കമണ്ഡപം, നളിനാക്ഷന് ഇരട്ടപ്പുഴ തുടങ്ങിയവരും ഖബറടക്ക ചടങ്ങില്‍ സംബന്ധിച്ചു.
അബുദാബി മലയാളി സമാജം മുന്‍ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന അന്‍സാരി പള്ളിക്കല്‍, ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് അബുദാബിയില്‍ വെച്ചായിരുന്നു മരണപ്പെട്ടത്. അതേസമയം, ഇന്ന് ( ബുധന്‍) രാത്രി എട്ടിന് , അബുദാബി മലയാളി സമാജത്തില്‍ അനുശോചന യോഗം നടക്കുമെന്ന് ഇന്‍കാസ് അബുദാബി പ്രസിഡണ്ട് ബി യേശുശീലന്‍, ജനറല്‍ സെക്രട്ടറി സലിം ചിറക്കല്‍ എന്നിവര്‍ അറിയിച്ചു.