പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാന സര്‍വീസ് വേണം; ആവശ്യമുന്നയിച്ച് എം.എം ഹസന്‍റെ നേതൃത്വത്തില്‍ നാളെ രാജ്ഭവന്‍ ധര്‍ണ്ണ

Jaihind News Bureau
Friday, April 24, 2020

MMHassan-INTUC-Idukki

കൊവിഡ് 19 നെ തുടര്‍ന്ന് വിദേശനാടുകളില്‍ കുടുങ്ങിപ്പോയ പ്രവാസികളായ മലയാളികളെ നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്നതിനായി പ്രത്യേക വിമാന സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍പ്രവാസികാര്യ മന്ത്രിയും മുന്‍ കെ.പി.സി.സി പ്രസിഡന്‍റുമായ എം.എം ഹസന്‍റെ നേതൃത്വത്തില്‍ ഏപ്രില്‍ 25 ന് കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവന് മുന്നില്‍ ധര്‍ണ്ണ നടത്തും.

മറ്റ് പല രാജ്യങ്ങളും അവരുടെ പൗരന്മാരെ വിദേശനാടുകളില്‍ നിന്നും മടക്കി കൊണ്ടുപോകുന്നതിനായി പ്രത്യേക വിമാന സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിഷേധാത്മക നിലപാടണ് സ്വീകരിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മനുഷ്യത്വരഹിതമായ നടപടിയില്‍ പ്രതിഷേധിച്ചും പ്രത്യേക വിമാനസര്‍വീസ് നടത്താന്‍ കേന്ദ്രസര്‍ക്കാരില്‍ കേരള ഗവര്‍ണര്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടാണ് നേതാക്കള്‍ ധര്‍ണ നടത്തുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണിവരെ നടക്കുന്ന ധര്‍ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ധര്‍ണ്ണയെ വിവിധ സമയങ്ങളില്‍  അഭിസംബോധന ചെയ്യും.

സമൂഹിക അകലം പാലിച്ച്  അടൂര്‍ പ്രകാശ് എം.പി, എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, കെ.എസ് ശബരീനാഥന്‍, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ എം.എം ഹസനൊപ്പം ധര്‍ണ്ണയില്‍ പങ്കെടുക്കും. പ്രവര്‍ത്തകര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിവാദ്യം അര്‍പ്പിക്കുന്നതിനുള്ള പ്രത്യക സൗകര്യവും ഒരുക്കിയിട്ടുണ്ട്.