ജോസ് കെ മാണി കാട്ടിയത് കടുത്ത വഞ്ചന: എം.എം ഹസൻ

Jaihind News Bureau
Wednesday, October 14, 2020

തിരുവനന്തപുരം:ജോസ്.കെ മാണി കാട്ടിയത് കടുത്ത വഞ്ചനയെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. മാണി സാറിനെ യു.ഡി.എഫിലേക്ക് മടക്കി കൊണ്ടുവരാനാണ് കടുത്ത എതിർപ്പ് അവഗണിച്ചും രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയത്. യു ഡി എഫിനെ വഞ്ചിച്ചാണ് ജോസ് കെ മാണി എൽ.ഡി.എഫിലേക്ക് പോകുന്നത്. മാണി സാറിൻ്റെ ആത്മാവ് അദ്ദേഹത്തിന് മാപ്പ് നൽകില്ലെന്നും ഹസൻ പറഞ്ഞു.

ജോസ്.കെ മാണി മാത്രം എം.പി സ്ഥാനം രാജി വെച്ചാൽ പോര. കോട്ടയം എം.പിയായ തോമസ് ചാഴികാടനും യു.ഡി.എഫ് വഴി നേടിയ എല്ലാ സ്ഥാനവും ധാർമ്മികത ഉണ്ടെങ്കിൽ രാജിവെയ്ക്കണം. ജോസ്.കെ മാണിയുടേത് രാഷ്ട്രീയ സദാചാരമില്ലാത്ത തീരുമാനമാണ് ഇടതുപക്ഷവുമായി രഹസ്യ ബന്ധം ഉറപ്പിച്ച ശേഷമായിരുന്നു യുഡിഎഫിൽ നിന്ന് പുറത്താക്കിയെന്ന നാടകം കളിച്ചതെന്നും ഹസൻ പറഞ്ഞു. എൻ.സി.പി വരാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ യു ഡി എഫ് ചർച്ച ചെയ്യും. യുഡിഎഫിൻ്റെ രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.