മുഖ്യമന്ത്രിയുടേത് ഊതിപ്പെരുപ്പിച്ച പ്രതിച്ഛായ; കോടിയേരിയുടെ ഉപമ പരിഹാസ്യം:എം.എം.ഹസ്സന്‍

Jaihind News Bureau
Thursday, August 20, 2020

MM-Hassan-PP

മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും അഴിമതിക്കെതിരായി പ്രതിപക്ഷം നടത്തുന്ന സമരത്തെ വിമോചന സമരത്തെ അനുസ്മരിക്കുന്ന തരത്തിലാണെന്ന സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന അതിശോക്തിപരവും അവാസ്തവുമാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് എം.എം.ഹസ്സന്‍.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ത്തത് പ്രതിപക്ഷമല്ലെന്നും അതിന് ഉത്തരവാദികള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ വിശ്വസ്തനായ പ്രിന്‍സിപ്പള്‍ സെക്രട്ടറിയുമാണ്. ഊതിപ്പെരുപ്പിച്ച പ്രതിച്ഛായ മാത്രമാണ് മുഖ്യമന്ത്രിക്കുള്ളത്. അഴിമതിയും ധൂര്‍ത്തും നടത്തുന്ന സര്‍ക്കാരില്‍ നിന്നും വിമോചനം ആഗ്രഹിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്. സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭങ്ങളെ അപ്രഖ്യാപിത വിമോചന സമരത്തോട് താരതമ്യം ചെയ്യുന്ന കോടിയേരിക്ക് കേരള ജനത ഈ സര്‍ക്കാരിനെതിരെ നിശബ്ദമായ വിമോചന സമരത്തിന് തയ്യാറാകുമെന്നതില്‍ സംശയിക്കേണ്ടതില്ലെന്നും ഹസ്സന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് കള്ളക്കടത്ത് കേസില്‍ നേരിട്ട് പങ്കില്ലെന്ന കോടിയേരിയുടെ വാദം നിലനില്‍ക്കുന്നതല്ല.മുഖ്യമന്ത്രിക്കും അദ്ദേഹത്തിനും ഓഫീസിനും ഇൗ ഇടപാടില്‍ പങ്കുണ്ട്. മുഖ്യമന്ത്രിക്ക് അതിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്ന് നന്നായി കോടിയേരിക്കറിയാം. ഗൃഹസന്ദര്‍ശന പരിപാടി നടത്താന്‍ തീരുമാനിച്ച കോടിയേരിക്ക് സ്വര്‍ണ്ണക്കള്ളക്കടത്തില്‍ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും പങ്കില്ലെന്ന് വീടുവീടാന്തരം പറയാനുള്ള ധൈര്യമുണ്ടോയെന്നും ഹസ്സന്‍ ചോദിച്ചു.

പാര്‍ട്ടിയേയും സി.പി.എം നേതാക്കളെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഈ കേസില്‍ എന്തുകൊണ്ട് പാര്‍ട്ടിതലത്തില്‍ ഒരു അന്വേഷണത്തിന് കോടിയേരി ബാലകൃഷ്ണന്‍ തയ്യാറായില്ല. ഭരണത്തുടര്‍ച്ചയെന്ന സി.പി.എമ്മിന്‍റെ വ്യാമോഹത്തിന്‍റെ സാധ്യതകള്‍ ഇല്ലാതാക്കിയത് അഴിമതി നടത്തിയ മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ഓഫീസുമാണെന്നും ഹസ്സന്‍ പറഞ്ഞു.