ലോകകേരളസഭയുടെ ചെയര്‍മാന്‍ പദവി സ്പീക്കര്‍ രാജിവയ്ക്കണം : എം.എം ഹസ്സന്‍

Jaihind News Bureau
Saturday, January 9, 2021

പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച ലോകകേരളസഭയുടെ ചെയര്‍മാന്‍ സ്ഥാനം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ രാജിവയ്ക്കണമെന്ന് മുന്‍ പ്രവാസികാര്യ മന്ത്രിയും യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസന്‍. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് സമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് എന്നിവയ്ക്ക് സഹായം ചെയ്ത സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. നിയമസഭാ സ്പീക്കര്‍ പദവിയില്‍ അദ്ദേഹം തുടരുന്നത് സഭയുടെ അന്തസ്സിനും പാരമ്പര്യത്തിനും കളങ്കമാണെന്നും എം.എം. ഹസന്‍ പറഞ്ഞു. ലോക കേരളസഭയുടെ അധ്യക്ഷ പദവിയില്‍ ഇരിക്കാന്‍ സ്പീക്കര്‍ക്ക് അര്‍ഹതയില്ലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹം തല്‍സ്ഥാനത്ത് തുടരുന്നത് പ്രവാസി സമൂഹത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നതിന് തുല്യമാണ്.

ലോക്ക്ഡൗണ്‍ കാലത്ത് പ്രവാസികളോട് ഈ സര്‍ക്കാര്‍ കടത്തു അവഗണനയാണ് കാട്ടിയത്. അവര്‍ക്ക് അര്‍ഹമായ സഹായം ഇതുവരെ സര്‍ക്കാര്‍ നല്‍കിയില്ല. മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ സമഗ്രമായ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.