ദുബായ് : കേരളത്തിലെ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകള്‍ ഇപ്പോള്‍, സി പി എമ്മിന്‍റെ ജില്ലാ കമ്മിറ്റികളായി മാറിയെന്ന്, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. കേരളത്തിലെ സര്‍വ മേഖലകളിലും സി പി എം സഖാക്കള്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി വരുകയാണ്. ഇത് തെളിവ് സഹിതം ഓരോ ദിവസമായി പുറത്ത് വരുകയാണെന്നും എം എം ഹസ്സന്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ ആശുപത്രിയിലും ജോലിയ്ക്കായി പിന്‍വാതില്‍ നിയമനം നടന്നതായി വാര്‍ത്തകളിലൂടെ അറിഞ്ഞു. സര്‍ക്കാര്‍ അഴിമതി മൂലം താറുമാറായിരിക്കുകയാണ്. ഗവര്‍ണര്‍ കേരളത്തെ കാവിവല്‍ക്കരിക്കാന്‍ നോക്കുമ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ ചുവപ്പുവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നു യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ നിയമനത്തോടെ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഗവര്‍ണര്‍ക്ക് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ വഴിയൊരുക്കി കൊടുത്തത്. ചില ഉദ്ദേശ്യങ്ങളോടെ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇവിടെ ഇറക്കിയതാണ്. ആ ഉദ്ദേശ്യങ്ങള്‍ അദ്ദേഹത്തിന് എളുപ്പമാക്കാന്‍ സര്‍ക്കാര്‍ വഴിയൊരുക്കി കൊടുത്തു.
പ്രവാസി വകുപ്പ് പൂര്‍ണ്ണ പരാജയമാണെന്ന് ഹസ്സന്‍ പറഞ്ഞു. പ്രവാസി വകുപ്പ് അനാഥമായ അവസ്ഥയാണ്. നോര്‍ക്ക നീര്‍ജ്ജീവമായി. ലോക കേരള സഭ പോലും വിവാദം മാത്രമായി ചുരുങ്ങി. പ്രഖ്യാപനങ്ങള്‍ ജലരേഖയായി. ഗള്‍ഫ് നാടുകളില്‍ സ്വദേശിവല്‍ക്കരണം വീണ്ടും ശക്തമാണ്. തിരിച്ചു നാട്ടിലേക്ക് മടങ്ങുന്ന മലയാളികളുടെ എണ്ണം വര്‍ധിച്ചു. കേരള സര്‍ക്കാരിന്റെ പ്രവാസി പുനരധിവാസവും വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങിയെന്നും ഹസ്സന്‍ പറഞ്ഞു.
കേരളത്തില്‍ ഡിസംബറില്‍ യുഡിഎഫ് വന്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഹസന്‍ അറിയിച്ചു. സര്‍ക്കാര്‍ അഴിമതി മൂലം താറുമാറായിരിക്കുകയാണ്. അതിനെതിരെ വലിയൊരു പ്രക്ഷോഭത്തിനുളള ഒരുക്കം പൂര്‍ത്തിയായി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.