അമ്പലപ്പുഴ പാല്പായസത്തിന് ഗോപാല കഷായമെന്ന നാമകരണം എ.കെ. ഗോപാലന്റെ സ്മരണ നിലനിർത്താൻ: എം.എം.ഹസ്സൻ

Jaihind Webdesk
Monday, November 4, 2019

അമ്പലപ്പുഴ പാല്പായസത്തിന് ഗോപാല കഷായം എന്ന് പുനർനാമകരണം ചെയ്യാനുള്ളതിരുവിതാംകൂർ ദേവസം ബോർഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പടി ഇറങ്ങുന്ന പദ്മകുമാറിന്റെ ഏറ്റവും ഒടുവിലത്തെ പരിഷ്കാരം മാർക്സിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലന്റെ സ്മരണക്ക് വേണ്ടിയാണെന്ന് കെ.പി.സി.സി. മുൻ പ്രസിഡന്റ് എം.എം.ഹസ്സൻ.

ഈ പേരുമാറ്റത്തെ മലയാളത്തിന്റെ പ്രിയകവി ശ്രീകുമാരൻ തമ്പിയും അമ്പലപ്പുഴ ക്ഷേത്രത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുള്ള പ്രശസ്ത സാഹിത്യകാരൻ ഡോ. അമ്പലപ്പുഴ ഗോപകുമാറും ശക്തിയായി എതിർത്തിട്ടുണ്ട്.

മധുരം തുളുമ്പുന്ന അമ്പലപ്പുഴ പാല്പായസത്തിന് ചാവർപ്പുള്ള കഷായത്തിന്റെ പേര് ചേർത്ത് ഗോപാല കാഷായമെന്ന് പേര് ഇടുന്നത് ചരിത്ര താളുകളിൽ നിന്ന് കണ്ടെത്തിയതാണെന്ന് പദ്മകുമാർ അവകാശപ്പെടുമ്പോഴും ഇത്രയും നാൾ ഈ പേര് മാറ്റത്തിന് കാത്തിരുന്നതിന്റെ കാരണം എന്തെന്ന് മനസിലാകുന്നില്ല.
ഗോപാല കഷായം എന്ന പേരിട്ട് എ.കെ.ജിയുടെ സ്മരണ ഉണർത്തുന്ന പദ്മകുമാർ ഒരു കാര്യം കൂടി പടി ഇറങ്ങും മുൻപ് ചെയ്യണം. എരുമേലിയിലോ പമ്പയിലോ മുഖ്യമന്ത്രി പിണറായി വിജയൻറെ ഒരു പ്രതിമ കൂടി സ്ഥാപിക്കണം അതിന്റെ ചുവട്ടിൽ ശബരിമലയിൽ “നവോത്ഥാനം” നടപ്പിലാക്കിയ വിപ്ലവകാരി” എഴുതി വയ്ക്കണം.
അപ്പോൾ പദ്മകുമാറിന്റെ കാലഘട്ടത്തിൽ എ.കെ.ജിക്കും പിണറായിക്കും ശബരിമലയിൽ രണ്ടു സ്മാരകങ്ങൾ ഉണ്ടാക്കിയതായി ചരിത്രത്തിൽ രേഖപെടുത്താമെന്നും എം.എം.ഹസ്സൻ പരിഹസിച്ചു.