കോടിയേരിയുടെ പ്രസ്താവന അഴിമതി ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍, എസ്.ആര്‍.പിയുടെ വെളിപ്പെടുത്തല്‍ നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടി: എം.എം ഹസ്സന്‍

Jaihind News Bureau
Saturday, August 1, 2020

 

തിരുവനന്തപുരം: ആര്‍.എസ്.എസിന് ഏറ്റവും ഇഷ്ടമുള്ള നേതാവാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെന്ന കോടിയേരി ബാലകൃഷ്ണന്‍റെ  ആരോപണം മുഖ്യമന്ത്രി പിണായി വിജയനെതിരായ അഴിമതി ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍.  അഴിമതി ആരോപണങ്ങളുടെ കൂരമ്പേറ്റു പിടയുന്ന മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പതിനട്ട് അടവും പയറ്റി പാരജയപ്പെട്ടപ്പോഴാണ്  ആര്‍.എസ്.എസിന്‍റെ കുപ്പായം രമേശ് ചെന്നിത്തലയ്ക്ക് ചേര്‍ന്നതാണെന്ന കോടിയേരി ബാലകൃഷ്ണന്‍റെ കണ്ടുപിടുത്തമെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

കാള്‍മാക്‌സും ഏംഗല്‍സും കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ പാര്‍ട്ടിയെ കേരളത്തില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അഴിമതിയുടേയും വര്‍ഗീയതയുടേയും അടിത്തറയിലാണ് ഇപ്പോള്‍ പിടിച്ച് നിര്‍ത്തിയിരിക്കുന്നത്. രമേശ് ചെന്നിത്തലയ്‌ക്കെതിരെ നടത്തിയ നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടിയാണ് പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ളയുടെ കൗമാരത്തിലെ ആര്‍.എസ്.എസ് ബന്ധത്തെ കുറിച്ചുള്ള ജന്മഭൂമിയിലെ വെളിപ്പെടുത്തല്‍. ചക്കിന് വച്ചത് കൊക്കിന് കൊണ്ടത് പോലെയാണെങ്കിലും ഈ വാര്‍ത്തയുടെ ഉറവിടത്തിലും ഉത്ഭവത്തിലും ചില ദുരൂഹതകളുണ്ട്. മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവച്ചിരിക്കുന്ന കോടിയേരിയുടെ കൈകള്‍ ജന്മഭൂമി വാര്‍ത്തയ്ക്ക് പിന്നിലുണ്ടെന്ന് പൊതുജനം സംശയിക്കുന്നു.

എസ്.ആര്‍.പിയുടെ ആര്‍.എസ്എസ് ബന്ധത്തിന്‍റെ വെളിപ്പെടുത്തല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് പിണാറിയേയാണ്. ലാവ്ലിന്‍ കേസിലെ നീക്കുപോക്കുകള്‍ക്കായി ആര്‍.എസ്.എസ് പൂര്‍വ്വബന്ധമുള്ള എസ്.ആര്‍.പിയെയാണ് പിണറായി വിജയന്‍ ഡല്‍ഹിയില്‍ ഒരു പാലം പോലെ ഉപയോഗിച്ചത്. എസ്.ആര്‍.പി തുടര്‍ന്നും ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സര്‍സംഘ് ചാലക് ആകാനുള്ള യോഗ്യത നേടിയേനെ. അരനൂറ്റാണ്ടുകാലം കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ അടിയുറച്ച് നില്‍ക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് കോണ്‍ഗ്രസിനോടുള്ള കൂറും പ്രതിബദ്ധതയിലും ആര്‍ക്കും സംശയമില്ല.

ബാലജനസഖ്യത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസിന്റെ ദേശീയ-സംസ്ഥാന നേതൃത്വത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബുദ്ധിയുറച്ച കാലം മുതല്‍ രമേശ് ചെന്നിത്തല ഒരു നല്ല കോണ്‍ഗ്രസുകാരനാണ്.
ഞാന്‍ ആദ്യം രമേശിനെ പരിചപ്പെടുന്നത് 1965 ലാണ്. രമേശ് ചെന്നിത്തലയുടെ കോണ്‍ഗ്രസ് പാരമ്പര്യം അളക്കാന്‍ കോടിയേരി ബാലകൃഷ്ണ്‍ ഇനിയൊരു ജന്മം എടുത്താലും സാധ്യമല്ല. ആദ്യം രമേശ് ചെന്നിത്തലയുടെ മാതാവിനെതിരെയാണ്  ആര്‍.എസ്.എസ് ബന്ധം ആരോപിച്ചതെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പിതാവിനെതിരെ സമാന ആരോപണം ഉന്നയിക്കുകയാണ് കോടിയേരി.

രമേശ് ചെന്നിത്തലയുടെ പരേതനായ പിതാവ് ഒരു നല്ല ഗാന്ധിയനായിട്ടാണ് ജീവിതകാലം മുഴുവന്‍ ജീവിച്ചിരുന്നത്. രമേശ് ചെന്നിത്തലയെ രാഷ്ട്രീയമായി എതിര്‍ക്കാന്‍ പിതാവിന്റെ പേരു ഉപയോഗിക്കുന്ന കോടിയേരിക്ക്, മക്കളുടെ കൊള്ളരുതായ്മയുടെ പേരില്‍ പഴിക്കേള്‍ക്കേണ്ടി വന്നപ്പോള്‍ രാഷ്ട്രീയമായി എതിര്‍ക്കപ്പെടുന്ന ഒരു അച്ഛന്റെ  വേദന നല്ലതുപോലെ അനുഭവിച്ച വ്യക്തിയാണ്. രാഷ്ട്രീയ ലാഭത്തിനായി വര്‍ഗീയതയെ വാരിപ്പുണരുന്ന പാരമ്പര്യമാണ് സി.പി.എമ്മിന്

ഇ.എം.എസ് നമ്പൂതിരിപ്പാട് മുത്തലാഖിനേയും ഷെരിയത്തിനേയും എതിര്‍ത്തത് ഹിന്ദുവികാരം ചൂക്ഷണം ചെയ്യാനായിരുന്നു. സി.പി.എം സദാം ഹുസൈനെ അനുകൂലിച്ചത് മുസ്ലീം വികാരം ചൂക്ഷണം ചെയ്യാനുമാണ്. കുഞ്ഞൂഞ്ഞ്-കുഞ്ഞാലികുട്ടി-കുഞ്ഞുമാണി കൂട്ടുക്കെട്ടിനെതിരെ വി.എസ്.അച്യുതാനന്ദന്‍ ബി.ജെ.പിയുടെ പ്രചാരണം ഏറ്റെടുത്തത് ഹിന്ദുവോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനായിരുന്നു. അതേ തന്ത്രമാണ് ദേശാഭിമാനിയിലെ ലേഖനത്തിലൂടെ കോടിയേരിയും പ്രയോഗിക്കുന്നത്

ആയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന പ്രധാനമന്ത്രിയെ രമേശ് ചെന്നിത്തല കുറ്റപ്പെടുത്താതിരുന്നത് മൃദുഹിന്ദുത്വമാണെന്ന് പറയുന്ന കോടിയേരി തുര്‍ക്കിയിലെ ഹാദിയാ സോഫിയാ മ്യൂസിയം മുസ്ലീം പള്ളിയാക്കി മാറ്റിയതിനെ പാണക്കാട് സാദിക്കലി തങ്ങള്‍ ന്യായീകരിക്കുതിനെ തീവ്രവര്‍ഗീയതയായി ചിത്രീകരിക്കുന്നതിനും പിന്നിലും ഗൂഢലക്ഷ്യമുണ്ട്. ആദ്യത്തെ വാദം മുസ്ലീം വികാരം ആളിക്കത്തിക്കാനും രണ്ടാമത്തേത് ബി.ജെ.പിയെ സഹായിക്കാനുമുള്ള  പ്രചാരണമാണ്. അടിയന്തിരാവസ്ഥ കാലത്ത്, വി.പി.സിങിന്റെ ഭരണകാലത്ത് ആര്‍..എസ്.എസുമായി കൈകോര്‍ത്ത് കോണ്‍ഗ്രസിനെ എതിര്‍ത്തത് സി.പി.എമ്മാണ്. യു.ഡി.എഫ് ഭരണകാലത്ത് സി.പി.എമ്മും ബി.ജെ.പിയും ഒരേ സ്വരത്തിലാണ് കോണ്‍ഗ്രസിനെ എതിര്‍ത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.