മുംബൈ: ആർഎസ്എസ് ആസ്ഥാനത്ത് ബിജെപിക്ക് കോണ്‍ഗ്രസിന്‍റെ ഷോക്ക് ട്രീറ്റ്മെന്‍റ്. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ (MLC) തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ തോല്‍പ്പിച്ചാണ് ആര്‍എസ്എസ് ആസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാനാർത്ഥി മിന്നും ജയം നേടിയത്. ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ നാഗ്പൂര്‍ ടീച്ചേഴ്‌സ് സീറ്റില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപിക്ക് സിറ്റിംഗ് സീറ്റ് നഷ്ടമായത്.
ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ കഴിഞ്ഞ 56 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപിക്കെതിരെ വിജയിക്കുന്നത്. ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്‍റെയും കോണ്‍ഗ്രസിന്‍റെയും എന്‍സിപിയുടെയും നേതൃത്വത്തിലുളള മഹാവിഘാസ് അഘാഡി സഖ്യ സ്ഥാനാര്‍ത്ഥി സുധാകര്‍ അദ്ബാലെയാണ് ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ അട്ടിമറി വിജയം നേടിയത്. ബിജെപിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും നാഗ്പൂരിലെ സിറ്റിംഗ് എംഎല്‍സിയുമായ നാഗറാവു ഗാനറിനെയാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെടുത്തിയത്. 8,489 വോട്ടുകള്‍ക്കായിരുന്നു സുധാകർ അദ്ബാലെയുടെ വിജയം.
“ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിൽ കഴിഞ്ഞ 56 വർഷത്തിനിടെ ഇതാദ്യമായി കോൺഗ്രസ് പാർട്ടിയുടെ വലിയ വിജയമാണിത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ എന്നിവരുടെ സ്വന്തം നഗരമാണ് നാഗ്പൂർ. അതിനാൽ, ബിജെപിക്കെതിരായ കോൺഗ്രസിന്‍റെ ഈ വിജയത്തിന് വലിയ മാനങ്ങളുണ്ട്” – കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി ആശിഷ് ദുവെ പ്രതികരിച്ചു.
മഹാരാഷ്ട്ര നിയമസഭയുടെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ അഞ്ച് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നാഗ്പൂർ, കൊങ്കണ്‍, ഔറംഗാബാദ്, അമരാവതി, നാസിക് എന്നീ സീറ്റുകളില്‍ കൊങ്കണ്‍ ഡിവിഷന്‍ ടീച്ചേഴ്‌സ് സീറ്റില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത്.