ഉമാതോമസ് എംഎല്‍എ അപകടത്തില്‍ പെട്ടതില്‍ സുരക്ഷാവീഴ്ചയല്ല, നിര്‍മ്മാണപ്പിഴവ് ; ജിസിഡിഎയ്ക്ക് ക്ലീന്‍ ചിറ്റ്

Jaihind News Bureau
Tuesday, March 25, 2025

നൃത്തപരിപാടിക്കിടെ ഉമാതോമസ് സ്റ്റേജില്‍ നിന്ന് വീണത് സുരക്ഷാപ്പിഴവുമൂലമല്ല, നിര്‍മ്മാണത്തിലെ അപാകതകള്‍ കൊണ്ടെന്ന് പോലീസിന്റെ കുറ്റപത്രം. സംഭവത്തില്‍ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അതോറിറ്റിക്ക് (ജിസിഡിഎ) ക്ലീന്‍ ചിറ്റ് നല്‍കുന്നു. ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും സംഘാടകരായ മൃദംഗവിഷന്‍ ഡയറക്ടറടക്കമുള്ളവരാണ് മുഖ്യപ്രതികളെന്നുമാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.

ഉമാ തോമസ് എംഎല്‍എ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ അപകടത്തില്‍ പാലാരിവട്ടം പൊലീസ് രണ്ട് കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരുന്നത്. പരിപാടിയിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാണിച്ചും മൃദംഗവിഷന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സംഘാടകര്‍ക്കെതിരെയും ആയിരുന്നു കേസ്. ഇതില്‍ സുരക്ഷാവീഴ്ച ചൂണ്ടിക്കാണിച്ച് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ജിസിഡിഎക്ക് യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന പൊലീസിന്റെ കണ്ടെത്തല്‍.

അതേസമയം, നൃത്തപരിപാടിക്കായി വേദിയൊരുക്കിയ മൃദംഗവിഷനു ഗുരുതരമായ വീഴ്ച സംഭവിച്ചതായും മൃദംഗവിഷന്‍ ഡയറക്ടറടക്കമുള്ളവരാണ് മുഖ്യപ്രതികളെന്നും കുറ്റപത്രത്തില്‍ പറയുന്നു. സംഭവത്തില്‍ നടി ദിവ്യ ഉണ്ണിയുടെ മൊഴി അന്വേഷണസംഘം വൈകാതെ രേഖപ്പെടുത്തുമെന്നാണ് വിവരം. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടു സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയാണ് അപകടമുണ്ടായത്. ഗാലറിയുടെ വശത്തുനിന്ന് താഴേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ എംഎല്‍എ ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു.

കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഉമാ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റതിന് പിന്നാലെ ജിസിഡിഎ, പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍ എന്നിവര്‍ക്കെതിരേയാണ് ആരോപണം ഉയര്‍ന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചിരുന്നുവെന്നതടക്കം ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.