
സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള വലിയ ജനവിധിയുണ്ടാകുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. ശബരിമല സ്വര്‍ണക്കൊള്ളയും പ്രതികളായവരെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ നിലപാടും ജനങ്ങളും ചോദ്യം ചെയ്യും. ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിട്ടും സിപിഎം നേതാക്കള്‍ പ്രതിപട്ടികയില്‍ വന്നിട്ടും അവര്‍ക്കെതിരെ ചെറിയ അച്ചടക്ക നടപടിക്കു പോലും സര്‍ക്കാര്‍ തയാറായില്ല. പ്രതികള്‍ക്ക് സിപിഎമ്മും സര്‍ക്കാരും സംരക്ഷണ കവചം തീര്‍ക്കുകയാണെന്നും അദ്ദേഹം കണ്ണൂരില്‍ വോട്ടിട്ടതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. പായം പഞ്ചായത്ത് പതിനാലാം വാർഡ് (തന്തോട്) സെൻറ് ജോൺസ് ബാപ്പിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലാണ് അദ്ദേഹം വോട്ട് ചെയ്തത്.
വിലക്കയറ്റം, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, വന്യമൃഗ ശല്യം, അക്രമ രാഷ്ട്രീയം, തീരദേശ മേഖലയുടെ പ്രതിസന്ധി തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ പങ്കെന്ത് എന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങി. സ്വര്‍ണക്കൊള്ളയില്‍ അകത്തായ നേതാക്കള്‍ മറ്റ് സിപിഎം നേതാക്കളെ പ്രതിക്കൂട്ടിലാക്കുമെന്ന ഭയമാണ് പ്രതികള്‍ക്ക് സംരക്ഷണം നല്കാന് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.