കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കെ.കെ രമ എംഎല്‍എ

Tuesday, December 31, 2024


കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎല്‍എയുമായ കെ.കെ രമ. ഇത് സംബന്ധിച്ച് നിയമോപദേശം തേടി. കൊടി സുനി നിരന്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കൊടും കുറ്റവാളിയാണെന്നും ജയിലില്‍ കിടക്കുമ്പോഴും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അങ്ങനെയൊരു ക്രിമിനലിന് പരോള്‍ അനുവദിക്കുന്നത് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് രമയുടെ നീക്കം.

കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് ഒരു മാസം പരോള്‍ അനുവദിച്ചത്. കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിനെ ന്യായീകരിച്ച് സിപിഎം നേതാവ് പി.ജയരാജന്‍ രംഗത്തെത്തിയിരുന്നു. ജയിലുകള്‍ തിരുത്തല്‍ കേന്ദ്രങ്ങളാണെന്നും പരോള്‍ അനുവദിക്കുന്നത് സ്വാഭാവിക നടപടിയാണ് എന്നുമായിരുന്നു ജയരാജന്റെ പ്രതികരണം.