കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വാണിയമ്പുഴയിലെത്തിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ബില്ലിയുടെ മൃതദേഹം ഡിങ്കി ബോട്ടില്‍ ചാലിയാറിനക്കരെ വാണിയമ്പുഴ ഉന്നതിയിലെത്തിച്ചത്. മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്ന നിയുക്ത എം.എല്‍.എ ആര്യാടന്‍ ഷൗക്കത്തും സംഘവും ഡിങ്കി ബോട്ട് തകരാറിലായതിനെ തുടര്‍ന്ന് മണിക്കൂറുകളോളം കാട്ടില്‍ കുടുങ്ങി. ജില്ലാ കളക്ടറുടെ ഇടപെടലില്‍ മലപ്പുറത്ത് നിന്നും ദേശീയ ദുരന്തനിവാരണ സേന ബോട്ടെത്തിച്ചാണ് മൂന്ന് മണിക്കൂറിന് ശേഷം ഇവരെ രക്ഷപ്പെടുത്തിയത്.
ആര്യാടന്‍ ഷൗക്കത്തിനെയും പോത്തുകല്‍ എസ്.ഐ മോഹന്‍ദാസ്, വനം വകുപ്പ് ഉദ്യോഗസ്ഥറെയും ഇറക്കി ഡിങ്കി ബോട്ടില്‍ മടങ്ങുന്നതിനിടെ ചാലിയാര്‍ പുഴയുടെ മധ്യത്തിലെത്തിയതോടെ എന്‍ജിന്‍ തകരാറിലാവുകയായിരുന്നു. സാഹസപ്പെട്ടാണ് ഫയര്‍ ഫോഴ്സ് സംഘം ബോട്ട് മറുതീരത്ത് അടുപ്പിച്ചത്. വിവരമറിഞ്ഞ് മലപ്പുറം കളക്ടര്‍ വി.ആര്‍ വിനോദ് ദേശീയ ദുരന്തനിവാരണ സേനാ വിഭാഗത്തെ ബന്ധപ്പെട്ടാണ് പുതിയ ബോട്ടെത്തിച്ചത്. ഇന്നലെ
വാണിയമ്പുഴ ഉന്നതിയിലേക്ക് ബില്ലിയുടെ മൃതദേഹം കൊണ്ടുവരാന്‍ പോയ ഫയര്‍ഫോഴ്സിന്റെ ഡിങ്കി ബോട്ട് അപകടത്തില്‍ പെട്ട് ബോട്ടിലുണ്ടായിരുന്ന അഞ്ച് പേര്‍ ചാലിയാറിനക്കരെ ഉള്‍വനത്തിലെ ആനക്കാട്ടില്‍ കുടുങ്ങിയിരുന്നു. ആര്യാടന്‍ ഷൗക്കത്തിന്റെ ഇടപെടലിലാണ് അര്‍ധരാത്രിക്കു ശേഷം ഇവരെ രക്ഷപ്പെടുത്തിയത്. രാത്രി രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ എന്‍.ഡി.ആര്‍.എഫ് തീരുനമാനിച്ചപ്പോള്‍ ഷൗക്കത്ത് ചീഫ് സെക്രട്ടറിയെയും കളക്ടറെയും വിളിച്ച് കാട്ടില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും പ്രശ്നത്തിന്റെ ഗൗരവം അറിയിച്ചു. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ വിളിച്ച് വിവരം ധരിപ്പിച്ചു. തുടര്‍ന്നാണ് നാട്ടുകാരുടെയും ആര്‍.ആര്‍.ടിയുടെയും ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. അര്‍ധരാത്രി വരെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി ഷൗക്കത്ത് ഉണ്ടായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് ബില്ലിയുടെ മൃതദേഹം വാണിയമ്പുഴയില്‍ നിന്നും ഡിങ്കി ബോട്ടില്‍ ചാലിയാര്‍പുഴ കടത്തി പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്.