കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലെ ഓണം ; ഉത്രാടപ്പാച്ചില്‍ ഒഴിവാക്കാനാവാതെ മലയാളികള്‍

Jaihind Webdesk
Friday, August 20, 2021

 

തിരുവനന്തപുരം : മഹാമാരി കാലത്തും ഉത്രാടപ്പാച്ചിലിൽ മലയാളികൾ. തിരുവോണത്തെ വരവേൽക്കാൻ ഉത്രാടദിനമായ ഇന്ന് മലയാളികൾ ഓട്ടപ്പാച്ചിലിലാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇക്കുറി മലയാളികൾ ഓണം ആലോഷിക്കുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രളയത്തിലും ഉരുൾപൊട്ടലിലും കൊവിഡിലും നിറം മങ്ങിയതായിരുന്നു  മലയാളികളുടെ ഓണാഘോഷം. ഇക്കുറി പതിവിൽനിന്ന് വ്യത്യസ്തമായി കൊവിഡിനൊപ്പം മലയാളികൾ ഓണാഘോഷത്തിന് ഒരുങ്ങുകയാണ്. തിരുവോണ പുലരിക്ക് മാറ്റേകാൻ ഉത്രാട ദിനമായ ഇന്ന് മലയാളികൾ അവസാനവട്ട ഓട്ടത്തിലാണ്. ഓണക്കോടി എടുക്കാനും പൂക്കളമൊരുക്കാനും പൂ വാങ്ങാനുമെല്ലാം ഇക്കുറി മലയാളിക്ക് മാസ്ക്കും സാനിറ്റൈസറും നിർബന്ധമാണ്.

സാധാരണയുള്ള ഉത്രാട പാച്ചിലിൻ്റെ പകിട്ട് ഇക്കുറി ഇല്ലെങ്കിൽ പോലും വിപണികൾ സജീവമാണെന്ന് കച്ചവടക്കാരും പറയുന്നു. കൊവിഡ് ഭീതിക്കും നിയന്ത്രണങ്ങൾക്കുമിടയിലാണ് ഇക്കുറി മലയാളികളുടെ ഉത്രാടപ്പാച്ചിൽ. കൊവിഡ്  മൂന്നാം തരംഗവും ഭീഷണിയായി മുന്നിലുള്ളപ്പോള്‍ ജാഗ്രത കൈവിടാതെ സൂക്ഷിക്കേണ്ടത് പ്രധാനമാണ്.