മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകരുത് ; വാഹനവ്യൂഹം വെട്ടിക്കുറച്ചു, ട്രാഫിക് നിയന്ത്രണം ഒഴിവാക്കി ; എംകെ സ്റ്റാലിന്‍

Jaihind Webdesk
Sunday, October 10, 2021

ചെന്നൈ :മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിലെ ട്രാഫിക് ബ്ലോക്കുകള്‍ ഒഴിവാക്കാനും യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കാനും  നേരിട്ടിടപെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വാഹനവ്യൂഹത്തിലെ അകമ്പടിവാഹനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാനാണ് സ്റ്റാലിൻ ഉത്തരവിട്ടിരിക്കുന്നത്. കൂടാതെ മുഖ്യമന്ത്രി സഞ്ചരിക്കുമ്പോൾ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്നും തീരുമാനിച്ചു.

തമിഴ്നാട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ മുൻപ് പന്ത്രണ്ട് വാഹനങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോഴിത് ആറായിട്ട് കുറച്ചാണ് സ്റ്റാലിന്‍റെ പരിഷ്‌കാരം. തമിഴ്നാട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഇനിമുതൽ രണ്ട് പൈലറ്റ് വാഹനങ്ങളും, അകമ്പടിക്കായി മൂന്ന് വാഹനങ്ങളും ഒരു ജാമർ വാഹനവും ആയിരിക്കും ഉണ്ടാവുക.

കഴിഞ്ഞ ദിവസം സംസ്ഥാന ചീഫ് സെക്രട്ടറി ഇരൈയൻപ് പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനങ്ങൾ എടുത്തത്. ഇതിനു മുൻപും ഇതേ ആവശ്യം സ്റ്റാലിൽ നിർദേശിച്ചിരുന്നുവെങ്കിലും സുരക്ഷ മുൻനിർത്തി പൊലീസ് ഗതാഗത നിയന്ത്രണങ്ങൾ തുടർന്നിരുന്നു.