നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് എം.കെ സ്റ്റാലിന്‍

Jaihind Webdesk
Thursday, June 6, 2019

Stalin-DMK

നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട തമിഴ്‌നാട് സ്വദേശികളായ രണ്ട് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിനു തൊട്ടുപിറകേ നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍.  ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ പ്രമേയം പാസ്സാക്കിയിട്ടുള്ളതാണെന്നും മുന്‍പും താന്‍ ഇക്കാര്യം ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അത് അവഗണിച്ചു എന്നത് ഞെട്ടിക്കുന്നുവെന്നും സ്റ്റാലിന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

തമിഴ്‌നാട്ടുകാരായ വിദ്യാര്‍ഥികളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിന്‍റെ ഈ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയെഴുതിയതില്‍ ഇത്തവണ 48.57 ശതമാനം പേരാണ് വിജയിച്ചത്. 75,000-ത്തോളം വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടു. ബുധനാഴ്ചയാണ് നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്.

യോഗ്യത നേടാനാവാത്തതിനാല്‍ 2 കുട്ടികള്‍ തമിഴ് നാട്ടില്‍ തൂങ്ങിമരിച്ചിരുന്നു. ഋതുശ്രീ, വൈശ്യ എന്നീ രണ്ടു വിദ്യാര്‍ഥിനികളാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. ഋതുശ്രീക്ക് പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ അഞ്ഞൂറില്‍ 490 മാര്‍ക്കുണ്ടായിരുന്നു. ഒരു മാര്‍ക്കിനാണ് ഋതുശ്രീക്ക് നീറ്റ് യോഗ്യത നഷ്ടമായത്.

അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിക്കുമെന്ന് ഡിഎംകെ വ്യക്തമാക്കി.

രണ്ട് വര്‍ഷം മുമ്പ് അനിത എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് നീറ്റ് പരീക്ഷയ്ക്ക് എതിരെ തമിഴ്നാട്ടില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.